കശുമാവുകൾ തളിരിട്ടു; ആഘോഷത്തിൽ ആറളം ഫാം
text_fieldsപേരാവൂർ: രാജ്യത്തെ ഏറ്റവും മികച്ചതെന്ന് പേരുള്ള ആറളം ഫാമിലെ കശുവണ്ടി ഉൽപാദനം കുതിപ്പിൽ. ഇത്തവണയും മികച്ച വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ.
ഫാമിലെ കശുമാവ് തോട്ടങ്ങൾ നല്ലരീതിയിൽ തളിരിട്ടിട്ടുണ്ട്. മുൻവർഷത്തേതിലും കൂടുതൽ വരുമാനം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഫാം എം.ഡി എസ്. ബിമൽഘോഷ് പറഞ്ഞു. രണ്ടാഴ്ചയിലധികം ലഭിച്ച തണുത്ത കാലാവസ്ഥയും നേരത്തെ തുടർച്ചയായി കിട്ടിയ മഴയും കശുമാവിന് അനുകൂല ഘടകമായി.
പൂ കരിച്ചിൽകൂടി ഒഴിവായാൽ മുൻ വർഷത്തേതിലും കൂടുതൽ വിളവ് ലഭിക്കും. കഴിഞ്ഞ വർഷം ആറളം ഫാമിന് കശുവണ്ടി വിൽപനയിൽ റെക്കോഡ് വരുമാനം ലഭിച്ചിരുന്നു. 1,83,83,000 രൂപക്കാണ് കശുവണ്ടി കാപ്പക്സിന് വിറ്റത്. ബ്ലോക്ക് ഒന്നു മുതൽ അഞ്ചുവരെയും ബ്ലോക്ക് എട്ടിലുമായി 260 ഹെക്ടറിലാണ് കശുവണ്ടി വിളയുന്നത്.
കഴിഞ്ഞ വർഷം 182 മെട്രിക് ടൺ കശുവണ്ടി കൊല്ലം ഫാക്ടറികളിലേക്ക് കയറ്റിയയച്ചു. ഏറ്റവും മികച്ച വിലയായ കിലോവിന് 101 രൂപ നിരക്കിൽ കശുവണ്ടിയിൽനിന്ന് ശരാശരി ആദായം ലഭിച്ചു. ഇത്തവണയും സർക്കാർ നിർദേശപ്രകാരം കാപ്പക്സിനാവും കശുവണ്ടി വാങ്ങാനുള്ള അവകാശം. മികച്ച ഉൽപാദനം വഴി ആറളം ഫാമിനും വികസന കുതിപ്പുണ്ടാവുമെന്ന് ഫാം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.