ഓടന്തോട് -ആറളം ഫാം പാലം നിർമാണം ഇഴയുന്നു
text_fieldsപേരാവൂർ: നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തി മൂന്നര വർഷം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല.
18 മാസം കൊണ്ട് പണിതീർത്ത് ഗതാഗതത്തിനായി പാലം തുറക്കുമെന്ന് മന്ത്രിയും കരാറുകാരനും നിർമാണ വേളയിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. നിലവിൽ പാലത്തിന്റെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി.
ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾ, ആറളം ഫാമിൽ താമസിക്കുന്ന തൊഴിലാളികൾ, ജീവനക്കാർ, ഫാം സ്കൂളിലെയും പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെയും അധ്യാപകരും ജീവനക്കാരുമുൾപ്പെടെ വലിയൊരു വിഭാഗം യാത്ര ചെയ്തിരുന്ന വഴിയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്.
വയനാട്, കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ എളുപ്പത്തിൽ ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന പാലമാണ് പണിതീർക്കാതെ മുടങ്ങിക്കിടക്കുന്നത്. സർക്കാറിന്റെയും ഉത്തരവാദപ്പെട്ട വകുപ്പുകളുടെയും സത്വര ശ്രദ്ധ പാലം നിർമാണത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാലം തുറന്നു കൊടുത്ത് യാത്രാസൗകര്യമൊരുക്കണമെന്നും ഇല്ലെങ്കിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ പറയുന്നു. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ പണി മാത്രമാണ് ഇനി അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.