വയോധികയുടെ വീട് റവന്യൂ വകുപ്പ് തകർത്തു; '65ൽ പട്ടയം കിട്ടിയ ഭൂമിയെന്ന് കൈച്ചുമ്മ
text_fieldsപേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭൂമി കൈയേറ്റമൊഴിവാക്കാൻ റവന്യൂ വകുപ്പ് നടത്തിയ തകർക്കലിൽ വീട് നഷ്ടപ്പെട്ട്, 50 വർഷമായി ഈ ഭൂമിയിൽ കഴിയുന്ന അരയാക്കൂൽ കൈച്ചുമ്മയെന്ന തൊണ്ണൂറുകാരിയും കുടുംബാംഗങ്ങളും.
കഴിഞ്ഞ തിങ്കളാഴ്ചയാണ്, പേരാവൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ അനധികൃതമായി കൈയേറി പണിത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് തുടങ്ങിയത്. കൈച്ചുമ്മക്ക് ഇനി കയറിക്കിടക്കാൻ സ്ഥലമില്ല. 1965ൽ പട്ടയം കിട്ടിയ വളരെ പ്രയാസപ്പെട്ട് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്താണ് താനും മകളും ഇതുവരെ കഴിഞ്ഞിരുന്നതെന്ന് കൈച്ചുമ്മ വിലപിക്കുന്നു.
വീടുവെച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ആശുപത്രിക്കായി ഭൂമി ഏറ്റെടുത്തത്. എന്നാൽ, അധികൃതർക്ക് ഇവർ കൈയേറ്റക്കാരായി.
2010ൽ പ്ലാൻ പാസായി ഉണ്ടാക്കിയ വീടാണ് പൊളിച്ചത്. കലക്ടറുടെ ഉത്തരവ് പ്രകാരം, വീടിനോടുചേർന്ന കടകളും വീടിന്റെ ഭാഗങ്ങളുമാണ് പൊളിച്ചുനീക്കിയത്.ആശുപത്രി ഭൂമി കൈയേറി വൻകിടക്കാർ നടത്തിയ നിർമാണങ്ങൾ നീക്കാതെ വയോധികയുടെ വീട് തകർത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുയർന്നു.ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ വ്യാപാരി സംഘടനയിലോ പ്രവർത്തിക്കുന്ന ആളായിരുന്നെങ്കിൽ പൊളിക്കുന്നതിനെതിരെ അവർ രംഗത്തിറങ്ങുമായിരുന്നില്ലേയെന്ന് കൈച്ചുമ്മയുടെ കൊച്ചുമകൻ അരയാക്കൂൽ സാദിഖ് ചോദിക്കുന്നു.
കെട്ടിട നികുതിയും ഭൂനികുതിയും അടക്കുന്ന സ്ഥലമാണിത്. വീടിനുള്ളിലെ ഫർണിച്ചറും ഉടുതുണിപോലും എടുക്കാനനുവദിക്കാതെയായിരുന്നു തകർക്കൽ. നഷ്ടമായ ഭൂമിയും വീടും തിരിച്ചുനൽകാൻ അധികൃതർ കനിവുകാട്ടണമെന്നാണ് ഈ വയോധികയുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.