ആറളത്ത് ആന തുരത്തൽ യജ്ഞം തുടരുന്നു
text_fieldsപേരാവൂർ: ആറളം ഫാമിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആനയെ തുരത്തൽ നടപടിയിൽ രണ്ടാം ഘട്ടത്തിലെ ആദ്യ ദിനത്തിൽ 13 ആനകളെ ബ്ലോക്ക് നാലിൽ വരെ എത്തിച്ചെങ്കിലും ഫാമിന്റെ അതിർത്തി കടത്താൻ കഴിയാതെ വന്നതോടെ വൈകീട്ട് 5.30ന് ദൗത്യം അവസാനിപ്പിച്ചു. ആനകൾ നിലയുറപ്പിച്ചിരിക്കുന്ന ബ്ലോക്ക് വിട്ട് മറ്റെവിടേക്കും ചിതറി പോകാതെ രാത്രിയിൽ ദൗത്യസംഘം പട്രോളിങ് ഏർപ്പെടുത്തും.
ദൗത്യത്തിലെ ആദ്യ ദിവസമായ വെള്ളിയാഴ്ച നാലു കിലോമീറ്റർ ദൂരം പിന്നിട്ടു. വീണ്ടും നാലു കിലോമീറ്റർ കൂടി പിന്നിട്ടാൽ മാത്രമേ ആനകളെ വനത്തിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ആറളം ഫാമിലെ കൃഷി ഇടങ്ങളിൽ നിന്നും ആനകളെ തുരത്തുന്ന രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിവസം രാവിലെ 7.30 ഓടെ ബ്ലോക്ക് ഒന്നിൽ നിന്നാരംഭിച്ചു. ബ്ലോക്ക് ഒന്ന്, രണ്ട്, അഞ്ച് എന്നിവിടങ്ങളിൽ നിന്നും സംഘം കണ്ടെത്തിയ ആനകളെ ഉച്ചയോടെ ബ്ലോക്ക് ഏട്ടിലെ ഫോറസ്റ്റ് ബിറ്റിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ആനകളെ വീണ്ടും തുരത്താൻ ശ്രമിച്ചെങ്കിലും വെയിൽ കനത്തതോടെ ആനകൾ മാറാൻ കൂട്ടാക്കാതെ വന്നതോടെ മൂന്ന് മണി വരെ തുരത്തൽ താൽകാലികമായി നിർത്തിവച്ചു .
മൂന്നുമണിക്ക് ശേഷം 13ഓളം വരുന്ന ആനകളെ ബ്ലോക്ക് എട്ടിൽ നിന്നും തുരത്തി ബ്ലോക്ക് നാലിലെ ഫാം സ്കൂളിന് സമീപം എത്തിച്ചെങ്കിലും ഓടന്തോട് - കീഴ്പ്പള്ളി റോഡ് മുറിച്ചുകടക്കാൻ കൂട്ടാക്കാതെ ആനക്കൂട്ടം ബ്ലോക്ക് നാലിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഏഴിന് ബ്ലോക്ക് നാലിൽ നിന്നും വീണ്ടും ആരംഭിക്കും. വനപാലകരും ഫാം സുരക്ഷ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നത്. പടക്കം പൊട്ടിച്ചും ട്രാക്റ്റർ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്. കൃഷിയിടത്തിൽ നിന്നും വെളിയിൽ എത്തുന്ന ആനകളെ പുനരധിവാസ മേഖലയിലൂടെ കടത്തി വന്യജീവി സങ്കേതത്തിൽ എത്തിക്കുകയാണ് തുരത്തലിന്റെ ലക്ഷ്യം. പുനരധിവാസ മേഖലയിൽ നിന്നും അഞ്ചോളം ആനകളെ ആദ്യഘട്ടത്തിൽ കാട്ടിലേക്ക് തുരത്തിയിരുന്നു.
ഫാം മേഖലയിൽ നിരോധനാജ്ഞ
ഫാമിനുള്ളിലൂടെ ഉള്ള യാത്ര പൂർണമായും നിരോധിച്ചാണ് ആനയെ തുരത്തൽ നടപടികൾ വനം വകുപ്പ് നടത്തുന്നത് . പുനരധിവാസ മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഉച്ചഭാഷിണി ഉപയോഗിച്ചും പ്രമോട്ടർ മാർ മുഖാന്തരവും ജനങ്ങളെ വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുവാൻ അറിയിച്ചിട്ടുണ്ട്. പരീക്ഷ കാലങ്ങളിൽ ആറളം ഫാം സ്കൂളിൽ നടത്തുന്ന റെസിഡൻഷൽ ക്യാമ്പുകൾ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആറളം വന്യജീവി സങ്കേതത്തിനും മൂന്നു ദിവസം അവധിയാണ്. പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ആവശ്യമായ സുരക്ഷ മുൻകരുതലോടെയാണ് ആനയെ ഫാമിൽ നിന്നും കാടുകയറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.