ആറളം ഫാമിൽ കാട്ടാനകൾ പരാക്രമം തുടരുന്നു
text_fieldsപേരാവൂർ: കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുന്ന ആറളം ഫാമിൽ നാശനഷ്ടങ്ങളുടെ പട്ടിക പെരുകുന്നു. ഒപ്പം കാട്ടാനകളുടെ പരാക്രമത്തിൽ അനുദിനം തകർന്നു തളരുകയാണ് ആറളം കാർഷിക ഫാം. ആനക്കൊപ്പം കടുവഭീതികൂടി എത്തിയതും തൊഴിലാളികൾ തൊഴിലിനെത്താൻ മടിക്കുന്നതും നാലുമാസത്തിലേറെയായി വേതനം മുടങ്ങിയതും ഫാമിന്റെ തകർച്ചയുടെ ആഴം കൂട്ടുകയാണ്.
ഇതിനിടയിലാണ് ആനകൾ ഓരോ ദിവസവും ഫാമിന്റെ വിവിധ മേഖലകളിൽ കൂട്ടംകൂടി നടത്തുന്ന അക്രമങ്ങളും പെരുകിവരുന്നത്. ഫാം ഒമ്പതാം ബ്ലോക്കിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ തകർത്ത ആനക്കൂട്ടം സമീപത്തെ ഫാമിന്റെ അധീനതയിലുള്ള ഒന്നര ഏക്കറോളം കുരുമുളക് തോട്ടവും നശിപ്പിച്ചു.
ലക്ഷങ്ങൾ മുടക്കി നിർമിച്ച സ്കൂളിന്റെ ചെങ്കല്ലുകൊണ്ട് നിർമിച്ച ചുറ്റുമതിൽ 20 മീറ്ററോളം ഭാഗം കാട്ടാന തകർത്തു. സ്കൂളിൽനിന്നും ഒരു കിലോമീറ്റർ മാറി ആറളം ഫാം കാർഷിക നഴ്സറിയുടെ അധീനതയിലുള്ള കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടി പടർന്നുകയറിയ ചെറുമരങ്ങൾ വ്യാപകമായി ചവിട്ടി ഒടിച്ചിട്ടു. കുരുമുളക് നിറഞ്ഞ നൂറുകണക്കിന് കുരുമുളക് വള്ളികളുള്ള മരങ്ങളാണ് നശിപ്പിച്ചത്. മേഖലയിൽ തെങ്ങുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ആറളം ഫാമിൽ കടന്ന കടുവ ഫാമിന്റെ അഞ്ചാം ബ്ലോക്കിലെ കൃഷിയിടത്തിൽ തന്നെയാണ് ഉള്ളത് എന്നാണ് വനം വകുപ്പുകാരുടെ നിഗമനം. കടുവയെ നിരീക്ഷിക്കുന്നതിനാൽ ഫാമിനകത്തുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ഫാമിലെ ഒമ്പതാം ബ്ലോക്കിൽ പത്ത് ഏക്കറോളം സ്ഥലത്താണ് മോഡൽ റെസിഡൻഷ്യൽ സ്കൂളിനായി കോടികൾ മുടക്കി കെട്ടിടം നിർമിച്ചത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ തുറന്നു പ്രവർത്തിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മതിൽ കെട്ടിയ എം.ആർ.എസിന്റെ കോമ്പൗണ്ട് പരിസരം നിറയെ കാടുകൾ നിറഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്. നാനൂറോളം വയനാട്ടുകാരെ പുനരധിവസിപ്പിച്ച ഏഴാം ബ്ലോക്കിൽ പ്രദേശവാസികളിൽ അധികവും ആനപ്പേടിമൂലം വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്കുതന്നെ മടങ്ങിപ്പോയി.
ഇവർ ഉപേക്ഷിച്ചുപോയ ഏക്കർ കണക്കിന് സ്ഥലം മുഴുവൻ കാടുവളർന്നുനിന്ന് ആനകളുടെ താവളമായി മാറിയിരിക്കുകയാണ്. പകൽപോലും ആനകൾ വിഹരിക്കുന്ന മേഖലയായി ഇവിടം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, മേഖലയിലെ റോഡുകൾ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഇവിടെയാണ് കാട്ടാനകളുടെ താവളം. കാട്ടാനക്കലിയിൽ ഡസനിലേറെ മനുഷ്യജീവിതങ്ങൾ ഹോമിക്കപ്പെട്ട ആറളം ഫാമിൽ ഇന്നും മുഴങ്ങുന്നത് ആനകളുടെ കൊലവിളികൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.