ഹോർട്ടികോർപ് പണം നൽകുന്നില്ല കർഷകർ ദുരിതത്തിൽ
text_fieldsപേരാവൂർ: വാഴക്കുലകളും പച്ചക്കറികളും നൽകിയ കർഷകർക്ക് ഹോട്ടികോർപ് പണം നൽകുന്നില്ല. ഉൽപന്നങ്ങൾ സംഭരിച്ച ജില്ലയിലെ ആറ് സ്വാശ്രയ കർഷകസമിതികൾക്കായി 11,66,000 രൂപ നൽകാനുണ്ട്. കർഷകർ മാസങ്ങളായി പിറകെ
നടക്കുന്നു. പക്ഷേ, പണം കിട്ടുന്നില്ല. 10 മാസം മുമ്പ് നൽകിയ ഉൽപന്നങ്ങളുടെ വിലവരെ കിട്ടാനുണ്ട്. പല കർഷകരും സാമ്പത്തിക പ്രയാസത്തിലായി. ഒപ്പം പഴം-പച്ചക്കറികൾ സംഭരിച്ചുനൽകുന്ന കർഷക സമിതികളും പ്രതിസന്ധിയിലാണ്. കർഷക സമിതികളിലെ അംഗങ്ങളായ കർഷകരുടെ വാഴക്കുലകളും പച്ചക്കറികളുമാണ് ഹോർട്ടികോർപ് സംഭരിച്ചത്. ഹോർട്ടികോർപിന് ഉൽപന്നങ്ങൾ വിറ്റത് ബുദ്ധിമോശമായി എന്ന ചിന്തയിലാണ് കർഷകരിപ്പോൾ. പേരാവൂർ സ്വാശ്രയ കർഷകസമിതിക്ക് മാത്രമായി 4,52,259 രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നേന്ത്രവാഴക്കുല നൽകിയ വകയിലാണിത്.
ഹോർട്ടികോർപ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഹരിപ്പാട് എന്നീ ഡിപ്പോകളിലേക്കാണ് ഉൽപന്നങ്ങൾ നൽകിയത്. മട്ടന്നൂർ സമിതിക്ക് 3,96,303 രൂപ കിട്ടാനുണ്ട്. ചാവശ്ശേരി, കൂടാളി, കേളകം, ശ്രീകണ്ഠപുരം എന്നീ സമിതികൾക്കും തുക കിട്ടാനുണ്ട്.
മലയോര മേഖലയിൽ വാഴയും പച്ചക്കറികളും കൃഷിചെയ്യുന്ന കർഷകരുടെ വിപണന സംവിധാനമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കീഴിൽ കർഷകർ നടത്തുന്ന ഇത്തരം സമിതികൾ. കർഷകർ നൽകുന്ന ഉൽപന്നങ്ങളുടെ വില വാങ്ങിനൽകേണ്ടത് കർഷകസമിതി ഭാരവാഹികളാണ്. യഥാസമയം പണം ലഭ്യമാകാത്തതിനാൽ മിക്ക സമിതികളും പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.