ഭവന നിർമാണ സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ്: പ്രതിഷേധം ശക്തം
text_fieldsപേരാവൂർ: പേരാവൂർ സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയിലെ കോടികളുടെ ചിട്ടിത്തട്ടിപ്പിൽ ഇരയായവരുടെ പ്രതിഷേധം ശക്തമാകുന്നു.തിങ്കളാഴ്ച മുതല്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം സമരം നടത്താൻ നിക്ഷേപകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമരസമിതി തീരുമാനിച്ചു. നിക്ഷേപിച്ച പണം ലഭിക്കും വരെ പ്രക്ഷോഭം നടത്താനാണ് തീരുമാനം. സിബി മേച്ചേരിയെ കണ്‍വീനറായും സനീഷിനെ ചെയര്‍മാനായും വിനോദ് കേളകത്തെ സെക്രട്ടറിയായും ജോണ്‍ പാലിയത്ത് ട്രഷററായുമുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ തിങ്കളാഴ്ച മുതല്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം സമരം നടത്തും. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എ.ആറിനും പരാതി നല്‍കുമെന്നും സമരസമിതി കണ്‍വനീര്‍ അറിയിച്ചു. കോടികളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ചിട്ടിപ്പണം തിരികെ കിട്ടാത്തതിൽ ക്ഷുഭിതരായ ഇടപാടുകാർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ സമരമുഖത്താണ്.
2000 രൂപ വീതം 50 മാസം അടക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും പലർക്കും പണം കിട്ടിയില്ലെന്നാണ് പരാതി. നറുക്ക് വീണവർ തുടർന്ന് പണം അടക്കേണ്ടതില്ലാത്ത ചിട്ടിയിൽ ഏകദേശം 700ലധികം അംഗങ്ങളെ ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്. 2017ൽ ആരംഭിച്ച ചിട്ടി 2021 ആഗസ്റ്റ് 15ന് അവസാനിച്ചു. 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നൽകിയിട്ടുണ്ട്. 350ലധികം പേർക്ക് ചിട്ടിപ്പണം കിട്ടാനുണ്ടെന്ന് ഇടപാടുകാർ പറയുന്നു. ആഗസ്റ്റ് 16 മുതൽ ബാക്കിയുള്ളവർക്ക് പണം ലഭിക്കാതായതോടെ ഇടപാടുകാർ പേരാവൂർ പൊലീസിൽ പരാതി നൽകി. മൂന്ന് കോടി രൂപയുടെ ചിട്ടി വെട്ടിപ്പ് നടന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം അർധരാത്രി സൊസൈറ്റിയിൽനിന്ന് രേഖകൾ കടത്താനുള്ള ശ്രമത്തിനിടെ സെക്രട്ടറിയെ പേരാവൂർ പൊലീസ് പിടികൂടുകയും രേഖകൾ പിടിച്ചെടുത്ത് മറ്റൊരു ജീവനക്കാരനെ വരുത്തി കൈമാറുകയും ചെയ്തിരുന്നു. പിന്നീട് െസക്രട്ടറി ഒളിവിൽ പോയതായാണ് നിക്ഷേപകരുടെ പരാതി.
സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസിെൻറ വീടിനുമുന്നിൽ കർമസമിതിയുടെ നേതൃത്വത്തിൽ ഇടപാടുകാർ ധർണ നടത്തി. രാവിലെ പതിനൊന്നോടെ സൊസൈറ്റിക്ക് മുന്നിൽ നിന്ന് പ്രകടനമായാണ് ഇടപാടുകാർ സെക്രട്ടറിയുടെ മുള്ളേരിക്കലിലുള്ള വീട്ടിനു മുന്നിലെത്തിയത്. ഗേറ്റിനു മുന്നിൽ പേരാവൂർ പൊലീസ് ഇടപാടുകാരെ തടഞ്ഞു.ധർണ സമരം കർമസമിതി കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. സനീഷ്, ടി.ബി. വിനോദ്, ജോസ് ചിറ്റേത്ത്, മാത്യു തോട്ടത്തിൽ, സുഭാഷിണി ഉണ്ണിരാജ് എന്നിവർ സംസാരിച്ചു.ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സൊസൈറ്റി ഓഫിസിലേക്കും മാർച്ച് നടത്തി. കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ഓഫിസ് ഉപരോധിക്കും
പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി വെട്ടിപ്പ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെ വ്യാഴാഴ്ച രാവിലെ 11ന് പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസ് ഉപരോധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്ത സി.പി.എം ഭരണസമിതിയും സി.പി.എം നേതാക്കളും പണം നിക്ഷേപകർക്ക് തിരികെ നൽകുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, പേരാവൂരിലെ സി.പി.എം നേതാക്കളുടെ മുഴുവൻ സാമ്പത്തിക ഇടപാടും വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.