ഡോക്ടർമാരുടെ അപര്യാപ്തത; പേരാവൂർ താലൂക്ക് ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ
text_fieldsപേരാവൂർ: താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച മുതൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് രാത്രി എട്ടു മണിവരെയാക്കി. ഡോക്ടർമാരുടെ അപര്യാപ്തതയാണ് കാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പേരാവൂർ, കേളകം, കണിച്ചാർ, കൊട്ടിയൂർ, മാലൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പടെയുള്ള നിരവധിപേർ ദിനംപ്രതി ചികിത്സക്കായി ആശ്രയിക്കുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയെയാണ്.
ഒ.പി സമയം കഴിഞ്ഞും നിരവധി രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. പനി ബാധിച്ചു അവശനിലയിലായ കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരെയും അപകടങ്ങളിൽ പരിക്കേറ്റ് അടിയന്തര ചികിത്സ വേണ്ട രോഗികളെയും അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയുമാണ് ചെയ്യാറുള്ളത്. ദിനംപ്രതി എഴുന്നൂറോളം രോഗികളാണ് ഒ.പിയിലും അത്യാഹിത വിഭാഗത്തിലും എത്തി ചികിത്സ തേടിയിരുന്നത്.
അത്യാഹിത വിഭാഗം രാത്രി എട്ടുമണിവരെയാക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും. അടിയന്തരമായി അത്യാഹിത വിഭാഗം മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യത്തിന് ഡോക്ടർമാരെ ലഭിക്കുന്നതിനായി എല്ലാവിധ ഇടപെടലും നടത്തിയിട്ടുണ്ടെന്നും സേവനം ലഭ്യമായാൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.