കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും
text_fieldsപേരാവൂർ: കേളകം, കൊട്ടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വൈശാഖ മഹേത്സവത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കാൻ വിഭാവനം ചെയ്ത സമാന്തരപാതയുടെ നിർമാണപിഴവ് തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും.
വേനൽമഴ ശക്തി പ്രാപിച്ചതോടെ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായി ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാവുകയുമാണ്. പഴയ റോഡിനെക്കാൾ ഉയർത്തി നിർമിച്ച പാതയുടെ പാർശ്വഭാഗങ്ങൾ താഴ്ചയുള്ളതാണ്. ഇത് മറക്കാൻ മണ്ണിട്ട് നികത്തിയതാണ് പ്രശ്ന കാരണം. വാഹനങ്ങൾ ടാർ റോഡിൽനിന്ന് വശങ്ങളിലേക്കിറങ്ങിയാൽ അപകടത്തിൽപെടും. കൊട്ടിയൂർ മന്ദംചേരി മുതൽ കണിച്ചാർ വരെ ഇതാണ് അവസ്ഥ. കൂടാതെ പാതയുടെ വികസനം നടത്തിയപ്പോൾ പലയിടങ്ങളിലും കലുങ്കുകൾ പുനർനിർമിക്കാത്തതിനാൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനിടയുണ്ട്.
കൊട്ടിയൂർ തീർഥാടകർക്ക് ഉപകരിക്കുന്നതും ഇരു പഞ്ചായത്തുകളിലെയും ബാവലി പുഴക്ക് അക്കരെ താമസിക്കുന്നവർക്ക് പ്രയോജനകരവുമായ സമാന്തര റോഡിന്റെ അവസ്ഥയാണിത്. അപകടഭീഷണിയുള്ള പാതയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് നിരീക്ഷണത്തിലൂടെ വാഹനങ്ങൾ ജാഗ്രതയോടെ കടത്തിവിടുകയും ചെയ്തില്ലെങ്കിൽ അപകടങ്ങളുടെ പരമ്പരയാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.