പേരിയ ചുരംപാതയിലെ മണ്ണിടിച്ചിൽ; തൊഴിലാളിയുടെ മരണം പ്രവൃത്തിയിലെ അപാകത മൂലം
text_fieldsപേരാവൂർ: നിടുംപൊയിൽ -പേരിയ ചുരം റോഡ് നവീകരണത്തിനിടെ തൊഴിലാളി മരിച്ചത് പ്രവൃത്തിയിലെ അപാകത മൂലം. മണ്ണിടിച്ചിൽ തുടരുന്ന ഭാഗത്ത് സുരക്ഷാ ക്രമീകരണം നടത്താതെ തൊഴിലാളികളെ കൊലക്ക് കൊടുക്കുകയായിരുന്നു എന്ന ആക്ഷേപവുമായി നാട്ടുകാരും രംഗത്തെത്തി.
തലശ്ശേരി -ബാബലി അന്തർ സംസ്ഥാന പാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമാണ പ്രവൃത്തിക്കിടെയുണ്ടായ അപകടത്തിൽ വയനാട് പേര്യ ചന്ദനത്തോട് സ്വദേശി പീറ്റർ മരിച്ചതിന്റെ നടുക്കത്തിലാണ് മലയോരം.
വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം ഉണ്ടായത്. ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമാണ പ്രവൃത്തിക്കിടെ മണ്ണിടിച്ചലുണ്ടാകുകയും വലിയ പാറക്കല്ലുകൾ ഇടിഞ്ഞുവീണതിനെ തുടർന്ന് നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പിക്കെട്ട് തലയിൽ വീണാണ് അപകടമുണ്ടായത്. അപകടത്തിൽ തില്ലങ്കേരി സ്വദേശി ബിനു, മട്ടന്നൂർ സ്വദേശി മനോജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കമ്പിക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ മൂവരെയും കമ്പി മുറിച്ചാണ് പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പീറ്റർ മരിച്ചു. വിള്ളലുണ്ടായതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം നിരോധിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പുനർനിർമാണം ആരംഭിക്കുകയുമായിരുന്നു.
നിർമാണ പ്രവർത്തനത്തിനിടെ പലതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. നിർമാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ തുടരുന്നത് റോഡ് പുനർനിർമാണത്തെ സാരമായി ബാധിച്ചു. തൊഴിലാളി മരിച്ചത് പ്രവൃത്തിയിലെ അപാകത മൂലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തൊഴിലാളികൾക്ക് ഒരു സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയാണ് പ്രവൃത്തി നടക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.