മാവോവാദി ഏറ്റുമുട്ടൽ; കണ്ണൂരിൽ കനത്ത ജാഗ്രത
text_fieldsപേരാവൂർ: അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ജില്ലയിൽ കനത്ത ജാഗ്രതനിർദേശം. ആറളം, കേളകം, കരിക്കോട്ടക്കരി, ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും മാവോവാദി സാന്നിധ്യം മുമ്പുണ്ടായ പ്രദേശങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.
വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സംഭവത്തിൽ രണ്ട് മാവോവാദികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലം പൊലീസ് വലയത്തിലായതിനാൽ യഥാർഥ ചിത്രം ഇനിയും പുറത്തേക്ക് ലഭിക്കുന്നില്ല.
വയനാട് പേരിയ ചപ്പാരത്തും ആറളം വനത്തിലും മാവോവാദികൾ തണ്ടര്‍ബോള്‍ട്ടും വനപാലകരിലെ വാച്ചർമാരുമായും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് ഏറ്റുമുട്ടലുകളുണ്ടായിരുന്നു. തുടർന്ന് ചപ്പാരത്ത് രണ്ട് മാവോവാദികൾ പിടിക്കപ്പെടുകയും മൂന്നുപേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. മാവോവാദികളുടെ ഏറ്റുമുട്ടൽ തുടർക്കഥയായതോടെ ഇവരെ എത് വിധേനയും കീഴ്പെടുത്തി നിയമത്തിന് മുമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സേന.
മലയോര പ്രദേശങ്ങളായ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി, കോളിത്തട്ട്, അമ്പായത്തോട് എന്നിവിടങ്ങളിലും നിരന്തരം മാവോവാദി സാന്നിധ്യത്തെത്തുടർന്ന് ജില്ലയിലെ വനാതിർത്തിയോട് ചേർന്ന കോളനികളിലും ആറളം ആദിവാസി പുനരധിവാസ മേഖലകളിലും വയനാട്, കണ്ണൂർ അതിർത്തി വനമേഖലകളിലും തണ്ടർബോൾട്ട് സേനയും ലോക്കൽ പൊലീസിന്റെയും നിരീക്ഷണ വലയത്തിലാണ്. ഇന്റലിജൻസ് വിഭാഗങ്ങളും പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശനിരീക്ഷണം തുടരുന്നുണ്ട്. മാവോവാദികൾ കൂടുതൽ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് നിഗമനത്തെ തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി ഹെലികോപ്ടർ, ഡ്രോൺ പരിശോധനകളും വാഹന പരിശോധനകളും ഊർജിതമാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.