വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും; മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്
text_fieldsപേരാവൂർ: വന്യജീവികൾക്കു വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും സൗകര്യപ്പെടുത്തുന്നതിനുള്ള മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്. ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ സാന്നിധ്യം കൂടിവരുന്നതിനുള്ള പ്രധാന കാരണം വനത്തിനുള്ളിലെ ജലദൗർലഭ്യതയും ഭക്ഷണ ക്ഷാമവുമാണ്.
വനാതിർത്തികളോട് ചേർന്നുള്ള കാർഷിക വൃത്തികളും, കാലിവളർത്തലുമാണ് ഭക്ഷണത്തിനും വെള്ളത്തിനും വന്യജീവികളെ ജനവാസമേഖലകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഇതിന് ഒരു പരിഹാരമെന്നത് വന്യ ജീവികൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ലഭ്യമാക്കുക എന്നതാണെന്ന തിരിച്ചറിവിനെതുടർന്നാണ് വനത്തിനുള്ളിൽ തന്നെ വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും സൗകര്യപ്പെടുത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചത്. ഇതിനായി വനത്തിലുള്ള നീരുറവകളും കുളങ്ങളും നീർച്ചാലുകളും കണ്ടെത്തി അതിൽ ജലലഭ്യത ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്ന നടപടികളാണ് വേഗത്തിലാക്കിയത്.
കണ്ണൂർ വനം ഡിവിഷനിൽ വനത്തിനുള്ളിൽ തടയണകളുടെ നിർമാണം, കുളം വൃത്തിയാക്കൽ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഫലവൃക്ഷത്തൈകളെ കണ്ടെത്തി വിത്ത് ശേഖരിക്കൽ തുടങ്ങിയ പ്രവൃത്തികൾ വനം വകുപ്പ് ഊർജിതമാക്കി. തളിപ്പറമ്പ് റേഞ്ചിലെ കരാമരം തട്ട് സെക്ഷനിലെ പൈതൽമല ഭാഗത്ത് വ്യൂ പൊയിന്റിന് സമീപത്തുള്ള തടയണ ചളിനിറഞ്ഞ അവസ്ഥയിലായിരുന്നു. ചളി കോരി മാറ്റി വൃത്തിയാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. കരാമരം തട്ട് സെക്ഷനിലെ ജീവനക്കാരും താൽക്കാലിക വാച്ചർമാരുമാണ് ഈ ഉദ്യമം പൂർത്തീകരിച്ചത്. തളിപ്പറമ്പ് റേഞ്ചിലെ ശ്രീകണ്ഠപുരം സെക്ഷൻ, കൊട്ടിയൂർ റേഞ്ചിൽ ഇരിട്ടി സെക്ഷൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും, കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലും വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖ് അറിയിച്ചു.
കണ്ണവം റേഞ്ചിലെ കണ്ണവം, നിടുമ്പോയിൽ സെക്ഷനുകളിൽ ഉൾപ്പെട്ട നിർച്ചാലുകളിൽ പത്തോളം ബ്രഷ് വുഡ് തടയണകളാണ് നിർമിച്ചത്. നിടുംപൊയിൽ സെക്ഷനിൽ കോളയാട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട സിറാമ്പി, തെറ്റുമ്മൽ എന്നിവിടങ്ങളിൽ ഫുഡ് ഫോഡർ വാട്ടർ ദൗത്യത്തിന്റെ ഭാഗമായി ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിക്കുകയും, കോൺക്രീറ്റ് ചെക്ക് ഡാമിന്റെ ഡിസിൽറ്റിങ് പ്രവൃത്തികളും നടത്തി. ചിറ്റാരിപ്പറമ്പ്ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, അതക്കുഴി എന്നിവിടങ്ങളിലെ വനഭാഗങ്ങളിൽ ഫുഡ് ഫോഡർ വാട്ടർ ദൗത്യത്തിന്റെ ഭാഗമായി ബ്രഷ് വുഡ് ചെക്ക് ഡാം, കുളം എന്നിവ നിർമിച്ചതായും വനം അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.