പ്രിൻസിപ്പലും അധ്യാപകരുമില്ല; ആറളം ഫാം ഗവ. സ്കൂളിൽ 'പഠന വൈകല്യം'
text_fieldsപേരാവൂർ: ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ആറളം ഫാം പുനരധിവാസ മേഖലയിലെ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിജയം 36.79 ശതമാനം. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 39 പേരാണ് വിജയിച്ചത്. സ്കൂളിൽ ഹയർസെക്കൻഡറി ആരംഭിച്ചതിനുശേഷമുള്ള രണ്ടാംബാച്ചാണ് ഇത്. ആദ്യബാച്ചിൽ ഇത് 28.28 ശതമാനമായിരുന്നു.
അധികൃതരുടെ അനാസ്ഥയാണ് വിജയ ശതമാനം കുറയാൻ ഇടയാക്കുന്നതെന്ന് പരക്കെ ആക്ഷേപമുയരുകയാണ്. മാസങ്ങളോളം പ്രിൻസിപ്പൽ ഇല്ലാതെയായിരുന്നു പ്രവർത്തനം മുന്നോട്ടുപോയത്. ഏതാനും മാസങ്ങൾ മാത്രം ഉണ്ടായിരുന്ന പ്രിൻസിപ്പൽ റിട്ടയർ ചെയ്തു പോയശേഷം ഇപ്പോൾ കസേര ഒഴിഞ്ഞുകിടക്കുകയാണ്. പകരം ആർക്കും പ്രിൻസിപ്പലിന്റെ ചാർജ് നൽകിയിട്ടുമില്ല. ഒമ്പത് അധ്യാപക തസ്തികകൾ വേണ്ടിടത്ത് ഒരു അധ്യാപകനെപ്പോലും നിയമിച്ചിട്ടില്ല.
താൽക്കാലിക നിയമനങ്ങളിൽ എത്തുന്നവരാണ് വിദ്യാർഥികളെ പഠിപ്പിച്ചു കൊണ്ടിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങളിലുംപെട്ട് പല അധ്യാപകരും എത്താത്ത സ്ഥിതിയും ഉണ്ടായിരുന്നു. ഇതെല്ലാം തരണം ചെയ്താണ് ഇത്രയെങ്കിലും പേർ വിജയിച്ചു കേറിയത്. ഏഷ്യയിലെ ഏറ്റവുംവലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ഇവിടെ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്.
കോമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളുള്ള സ്കൂളിൽ അധ്യാപകരെ നിയമിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ആദിവാസി മേഖലയിലെ വിദ്യാലയം എന്ന നിലയിൽ പ്രത്യേക ഉത്തരവ് വഴിയെങ്കിലും അധ്യാപകരെ നിയമിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ കഴിഞ്ഞ വർഷം ബാലാവകാശ കമീഷൻ ചെയർമാൻ സ്ഥലത്തെത്തുകയും പ്രശ്നങ്ങൾ പഠിച്ച് ഉടൻ നിയമങ്ങൾ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രിൻസിപ്പൽ തസ്തിക അനുവദിക്കുകയും കഴിഞ്ഞ ഡിസംബറിൽ നിയമനം നടത്തുകയും ചെയ്തെങ്കിലും ഇദ്ദേഹം മേയ് 31ന് വിരമിച്ചു. ഇതിനുശേഷം പകരം പ്രിൻസിപ്പലിനെ നിയമിച്ചിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ ഒന്നിൽപ്പോലും നിയമനം നടത്തിയിട്ടുമില്ല. അധികൃതരുടെ അവഗണനക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.