പേരാവൂർ ചിട്ടി തട്ടിപ്പ് കേസ്; സെക്രട്ടറിയുടെ സ്വത്ത് ക്രയവിക്രയം തടഞ്ഞു
text_fieldsപേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസെൻറ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയം തടഞ്ഞ് ജോയൻറ് രജിസ്ട്രാർ ഉത്തരവിറക്കി. ചിട്ടി കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം നൽകാത്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുകയാണ് ഇയാൾ. ഇതിനിടെ സ്വത്തുവകകൾ സെക്രട്ടറി മക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് ക്രയവിക്രയം തടഞ്ഞു കൊണ്ട് ഉത്തരവ് ഇറക്കിയത്.നേരത്തെ സെക്രട്ടറിയുടെ സ്വത്തുവകകളുടെ ലഭ്യമായ വിവരം ശേഖരിച്ചിരുന്നു.
ചിട്ടി തട്ടിപ്പ്: സൊസൈറ്റി സെക്രട്ടറിയിൽനിന്ന് സഹകരണ വകുപ്പ് മൊഴി രേഖപ്പെടുത്തി
പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ സഹകരണ ഭവന നിർമാണ സൊസൈറ്റിയിൽ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം പൂർത്തിയായി. സെക്രട്ടറി പി. ഹരിദാസ് ബുധനാഴ്ച മൊഴിനൽകാൻ എത്തിയതോടെയാണ് അന്വേഷണം പൂർത്തിയായത്.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മുൻ പ്രസിഡൻറ് കെ. പ്രിയൻ രണ്ടുദിവസം മുമ്പുതന്നെ മൊഴിനൽകാൻ എത്തിയിരുന്നെങ്കിലും സെക്രട്ടറിയായിരുന്ന പി. ഹരിദാസ് മൊഴിനൽകാൻ എത്തിയിരുന്നില്ല. ഇതേത്തുടർന്ന്, മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് അസി.രജിസ്ട്രാർ വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സെക്രട്ടറി മൊഴി നൽകാൻ എത്തിയത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം നടത്തുന്നവർ സെക്രട്ടറിയെ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സെക്രട്ടറിയെ സൊസൈറ്റി ഓഫിസിലേക്ക് കയറ്റിവിട്ടത്.
ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചരയോടെയാണ് പൂർത്തിയായത്. അന്വേഷണം പൂർത്തിയായതായി അസി. രജിസ്ട്രാർ പ്രദോഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെയും മറ്റ് ഭരണസമിതി അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. റിപ്പോർട്ട് സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർക്ക് കൈമാറുമെന്നും തുടർ നടപടികൾ ഉണ്ടാവുമെന്നും അസി. രജിസ്ട്രാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.