മഴയും കാറ്റും; ജനം ഭീതിയിൽ
text_fieldsപേരാവൂർ: കനത്തമഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന മലയോര മേഖലയിൽ ജനം ഭീതിയിൽ. കാറ്റിൽ മരങ്ങൾ വീണും പാറയിടിഞ്ഞും വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകളും തകർന്നു. കേളകം പഞ്ചായത്തിലെ കരിയംകാപ്പ്-യക്ഷിക്കോട്ടയിൽ കനത്തകാറ്റിൽ വട്ടക്കുന്നേൽ ജോൺസന്റെ വീടിനുമുകളിൽ തേക്കുമരം വീണു. വീടിന്റെ മേൽക്കൂരക്ക് കേടുപാടു സംഭവിച്ചു. പേരാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി. പാറയിടിഞ്ഞ് പൂക്കുണ്ട് കോളനിയിലെ വീട് അപകടഭീഷണിയിലായി. വീടിന് പിൻവശത്തെ സംരക്ഷണ ഭിത്തി തകർന്നാണ് വലിയ പാറക്കല്ല് വീടിനോട് ചേർന്നുപതിച്ചത്.
വീണ്ടും പാറയിടിച്ചിലുണ്ടാകുമോ എന്ന ഭീതിയിലാണ് കോളനിവാസികൾ. കോളനിയിലെ കരിയാത്തന്റെ വീടിന്റെ പിൻഭാഗത്താണ് പാറ വീണത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.
വെള്ളൂന്നിയിലുണ്ടായ ശക്തമായ കാറ്റിൽ കൊച്ചുപുരക്കൽ വിൽസന്റെ വീടിനോട് ചേർന്ന ഷെഡ് മരംവീണ് തകർന്നു. കനത്തകാറ്റിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ കൃഷിഭവനുകളുടെ പരിധിയിൽ നൂറുകണക്കിന് റബർ മരങ്ങളും മറ്റ് വൃക്ഷങ്ങളും നശിച്ചു. തേക്ക് മരങ്ങൾ ഉൾപ്പെടെ പൊട്ടിവീണ് വൈദ്യുതിലൈനുകളും തകർന്നിട്ടുണ്ട്. കാറ്റ് തുടരുന്നതിനാൽ ജനം ഭീതിയിലാണ്.
പ്രളയ ഭീതിയിൽ മലയോര ഗ്രാമങ്ങൾ
ശ്രീകണ്ഠപുരം: കലിതുള്ളിയെത്തിയ കാലവർഷം മലയോരത്ത് നാശം വിതച്ചു. ഉൾഗ്രാമങ്ങളിലും മലമടക്കുകളിലുമെല്ലാം കഴിഞ്ഞ രണ്ടുദിവസമായി മഴ തിമിർത്തു പെയ്യുകയാണ്. മഴയോടൊപ്പമെത്തിയ കാറ്റ് പലയിടത്തും നാശം വിതച്ചു. കാർഷിക വിളകളും വൈദ്യുതി ലൈനുകളും തൂണുകളുമെല്ലാം നിലംപതിച്ചു. പുഴകൾ കരകവിഞ്ഞൊഴുകി. പയ്യാവൂർ വഞ്ചിയം, അരീക്കാമല, കുടിയാന്മല, ആലക്കോട്, നടുവിൽ തുടങ്ങിയ മലമടക്കു പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ ഭീതിയിലാണ്. മുൻവർഷങ്ങളിലെല്ലാം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളാണിത്. അനധികൃത കരിങ്കൽ ക്വാറി പ്രവർത്തനവും കുന്നിടിക്കലും മലമടക്കുകളിൽ ഉരുൾപൊട്ടൽ ഭീതി സൃഷ്ടിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. വളപട്ടണം പുഴ കവിഞ്ഞൊഴുകി ശ്രീകണ്ഠപുരം, ചെങ്ങളായി മേഖലയിലെയും സമീപ ഗ്രാമങ്ങളിലെയും വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ചെങ്ങളായി മുങ്ങം, കൊയ്യം, മലപ്പട്ടം, പൊടിക്കളം മേഖലകളിലെല്ലാം വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്. കാറ്റിലും മഴയിലും വാഴ, റബർ, കവുങ്ങ്, മറ്റ് മരങ്ങൾ എന്നിവ നിലം പതിച്ചു. കുന്നുകളും പാറക്കല്ലുകളും റോഡിലേക്ക് പതിച്ച കാഴ്ചയുമുണ്ട്. എള്ളരിഞ്ഞിയിൽ ശ്മശാന കെട്ടിടം തകർന്നുവീണു. വൈദ്യുതി ബന്ധം പലയിടത്തും നിലച്ചിട്ടുണ്ട്. രണ്ട് ദിനങ്ങളിലായി വൈദ്യുതി വകുപ്പ് അധികൃതർ രാപ്പകലില്ലാതെ പരിശ്രമിച്ചാണ് പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചത്.
ചുരം റോഡ് എം.എൽ.എമാർ സന്ദർശിച്ചു
കൊട്ടിയൂർ: മണ്ണിടിഞ്ഞും പാറയിടിഞ്ഞും ഗതാഗതം ദുഷ്കരമായ കൊട്ടിയൂർ-വയനാട് ബോയ്സ് ടൗൺ ചുരം റോഡ് എം.എൽ.എമാർ സന്ദർശിച്ചു. എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ തോമസ് ആമക്കാട്, ഷാജി പൊട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പാതയുടെ തകർച്ച ഗൗരവതരമാണെന്നും അടിയന്തിര നടപടികളിലൂടെ തടസ്സങ്ങൾ നീക്കി പാത ഗതാഗത യോഗ്യമാക്കണമെന്നും കനത്ത മഴ തുടരുന്നതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും ജനപ്രതിനിധി സംഘം അറിയിച്ചു.
വീട് തകർന്നു
ഇരിട്ടി: കനത്തമഴയിൽ മുഴക്കുന്ന് പഞ്ചായത്തിലെ നെയ്യളത്തെ ആസിയയുടെ വീടിന്റെ പിൻവശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. ആസിയ തൊട്ടടുത്ത വീട്ടിൽ പോയിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ബുധനാഴ്ച പുലർച്ച 3.30ഓടെയാണ് സംഭവം.
ഇത് പുഴയല്ല, പരിയാരത്തെ ദേശീയപാത
പയ്യന്നൂർ: പരിയാരത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ പുഴയെ വെല്ലുന്ന വെള്ളക്കെട്ട്. പുഴയിൽ നീന്തിയാണ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാവുന്നു. ദേശീയപാത നിർമാണം നടക്കുന്ന പരിയാരം ഏമ്പേറ്റിലാണ് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മഴ ശക്തമായതോടെദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുകയാണ്. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽപ്പെട്ടു തകരാറിലായി. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത നിലയിലാണ് വെള്ളമുയർന്നിരിക്കുന്നത്. ചെറുവാഹനങ്ങൾ മറ്റുവഴി തേടി. കാസർകോടുനിന്ന് തളിപ്പറമ്പിലേക്ക് വരുന്ന തളിപ്പറമ്പ് സ്വദേശിയുടെ ടാക്സി കാറിന്റെയുള്ളിൽ വെള്ളം കയറി.
മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും പൂർണമായി വറ്റിക്കാനായില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി. ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാത്തതാണ് വെള്ളക്കെട്ടുണ്ടാവാനുള്ള പ്രധാനകാരണം. പ്രാദേശികമായ വിവരങ്ങൾ ശേഖരിക്കാതെ തുടങ്ങിയ റോഡ് നിർമാണമാണ് എല്ലായിടങ്ങളിലും ഇത്തരം വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.