കെട്ടിടം പൊളിച്ചിട്ട് മാസങ്ങൾ; പേരാവൂർ താലൂക്കാശുപത്രി നിർമാണം നീളുന്നു
text_fieldsപേരാവൂർ: ആയിരങ്ങളുടെ ആതുരശുശ്രൂഷ കേന്ദ്രമായ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ കെട്ടിട സമുച്ചയ നിർമാണം അനിശ്ചിതമായി നീളുന്നതിൽ ആശങ്കയോടെ മലയോരജനത. ആറ് നിലകളിലായി ആശുപത്രിയുടെ സമഗ്ര വികസനത്തിന് കിഫ്ബിയില്‍നിന്ന് ആദ്യഘട്ടമായി 22.16 കോടി രൂപ അനുവദിച്ച് കെട്ടിട നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പേരാവൂര്‍ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതി ലക്ഷ്യം.
ആറ് നിലകളുള്ള കെട്ടിട സമുച്ചയമാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്ളോറും രണ്ട് നിലയും രണ്ടാം ഘട്ടത്തില്‍ മൂന്ന് നില മുതല്‍ ആറ് നിലവരെയുള്ള നിർമാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ 109 കിടക്കകളും അതിനോടനുബന്ധിച്ച മറ്റ് സൗകര്യങ്ങളും കൂടാതെ, അത്യാഹിത വിഭാഗം, ജനറല്‍ ഒ.പി. സെക്യാട്രി ഒ.പി, ഫിസിയോ തെറപ്പി, പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഒ.പി, ഡെര്‍മറ്റോളജി, ഇ.എന്‍.ടി. ഒ.പി, പാമ്പ് വിഷ ചികിത്സ, ഡെന്റല്‍ വിഭാഗം, എക്സ് റേ, ഓര്‍ത്തോ, ഫിസിയോ തെറപ്പി, പി.എം.ആര്, ആധുനിക സൗകര്യങ്ങളോട് കൂടിയ ഓപറേഷന് തിയറ്റര്‍, ലബോറട്ടറി സംവിധാനം മുതലായവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വികസന പ്രവൃത്തികൾക്കാകെ 50 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി നിർമാണ പ്രവൃത്തി തുടങ്ങി വർഷം ഒന്നു കഴിഞ്ഞിട്ടും തുടങ്ങിയിടത്ത് തന്നെ കുടുങ്ങിയ അവസ്ഥയായി. സമീപവാസികളായ രണ്ട് പേർ നൽകിയ കേസുകളാണ് പ്രതിബന്ധമായത്. പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ നിലവിൽ ഉള്ള സ്ഥലങ്ങളിൽ രോഗികൾ ഞരുങ്ങേണ്ട അവസ്ഥയായി. ഒ.പി ഉൾപ്പെടെ തിങ്ങി ഞെരുങ്ങി പ്രവർത്തിക്കുന്നു.
കിഫ്ബി വഴി തുക അനുവദിച്ചെന്നും പുതിയ കെട്ടിടം ഉടനെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പഴയതെങ്കിലും ഒരുവിധം നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം പൊളിച്ചത്. ഇപ്പോൾ പഴയതുമില്ല പുതിയതുമില്ല എന്ന അവസ്ഥ ആണ്. ആദിവാസി വിഭാഗങ്ങളുൾെപ്പടെ നൂറുകണക്കിന് പേർ ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളിന്നാണിത്. താൽകാലിക കെട്ടിടമാണെങ്കിൽ അസൗകര്യങ്ങളുടെ നടുവിലും. പുതിയ കെട്ടിടം നിർമ്മാണമുൾപ്പടെയുള്ള വികസന പ്രവൃത്തികൾ ഈ അടുത്ത കാലത്തെങ്ങും തുടങ്ങുമോ എന്നാണ് ആരോഗ്യവകുപ്പിനോടും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനോടും ജനങ്ങൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.