അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
text_fieldsപേരാവൂർ: ജില്ലയിലെ വിനോദസഞ്ചാര മേഖല സജീവമായിട്ടും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യത്തിന് മുന്നൊരുക്കമില്ലാതെ വനം, ടൂറിസം വകപ്പുകൾ. സംസ്ഥാനത്തെ ഏറ്റവും പ്രധാന പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലാണ് ഈ അവസ്ഥ.
ലോകത്തിലെ 34 ജൈവ വൈവിധ്യ കലവറകളിൽ ഒന്നായ പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ ആറളം വന്യജീവി സങ്കേതത്തിൽ നിലവിൽ നാമമാത്രമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ടൂറിസം സാധ്യത മുൻനിർത്തി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് വന്യജീവി സങ്കേതം അധികൃതർ സമ്മതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിർദേശങ്ങളും സമർപ്പിച്ചിട്ടില്ല.
നിലവിൽ ആറളത്തെത്തിയാൽ സഞ്ചാരികൾക്ക് താമസിക്കാൻ വനം വകുപ്പിന് ആകെയുള്ളത് ഒരു ഡോർമിറ്ററി മാത്രം. തൊട്ടടുത്ത ടൗണുകളിലോ സമീപത്തോ മെച്ചപ്പെട്ട ഹോട്ടലുകൾ പോലും വേണ്ടത്രയില്ല. പരിസ്ഥിതി ടൂറിസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ തൂക്കുപാലത്തിലൂടെ കടക്കണം. ചീങ്കണ്ണിപ്പുഴക്ക് കുറുകെ കോൺക്രീറ്റ് പാലം നിർമാണം ഇനിയും പൂർത്തിയായില്ല.
പ്രകൃതിരമണീയമായ വനപ്രദേശങ്ങളുടെ ഭംഗിയും മലമുകളിൽനിന്ന് കുതിച്ചുചാടുന്ന വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളുമാണ് ആറളത്തെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. കാട്ടുപോത്ത്, കരടി, കടുവ, പുലി, ചെന്നായ, സിംഹവാലൻ കുരങ്ങ്, വിവിധയിനം മാനുകൾ ഉൾപ്പെടെ 49 ഇനം സസ്തനികളും 245 ഇനം പക്ഷിജാതികളും 53 ഇനം ഉരഗ ജീവികളും 38 ഇനം ഉഭയ വർഗങ്ങളും 240 ഇനം ചിത്ര ശലഭങ്ങളും നാൽപത് ഇനം മത്സ്യങ്ങളുമുള്ള ആറളം വനമേഖല ദക്ഷിണ ഇന്ത്യയിലെ സുപ്രധാന പരിസ്ഥിതി കേന്ദ്രമാണ്. 962 ഇനം സസ്യങ്ങളാണുള്ളത്.
ആറളത്തെത്തുന്ന വിനോദ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വൈകരുതെന്നാണ് ആവശ്യം. കൊട്ടിയൂർ വന്യജീവി സങ്കേതം, പാലുകാച്ചിമല, ഏലപ്പീടിക തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്ല. മെച്ചപ്പെട്ട റോഡുകളില്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തണമെങ്കിൽ സാഹസികയാത്ര വേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.