കാട്ടാന ആക്രമണം: ആറളം ഫാമിന് ലഭിക്കാനുള്ളത് 19 കോടി
text_fieldsപേരാവൂർ: രണ്ടുവർഷത്തിനുള്ളിൽ കാട്ടാന ആക്രമണ നഷ്ടപരിഹാരമായി വനംവകുപ്പിൽനിന്ന് ആറളം ഫാമിന് ലഭിക്കാനുള്ളത് 19 കോടി രൂപയെന്ന് മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ്. ഏഴിന് മന്ത്രിമാരുടെ സംഘം ആറളത്തെത്തുമ്പോൾ ഫാമിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ഫാം അധികൃതരുടെ പ്രതീക്ഷ.
കഴിഞ്ഞ ഒരുവർഷം മാത്രം ഫാമിന്റെ 3000ത്തോളം തെങ്ങുകളും 1750 കമുക്, 423 കുരുമുളക്, 2361 കൊക്കോ, 3253 കശുമാവുകൾ, 19 റബർ എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചതായാണ് കണക്കുകൾ. എന്നാൽ, ഫാമിന് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടർക്കഥയാവുന്ന കാട്ടാനശല്യം ജനവാസ കേന്ദ്രങ്ങളിൽ ഭീതിവിതക്കുമ്പോൾ നിസ്സംഗതയിലാണ് വനംവകുപ്പ് അധികൃതരെന്നാണ് ആക്ഷേപം.
തൊഴിലാളികൾക്ക് 'ആന'ഭയം
ഫാം അധീനതയിലുള്ള കൃഷിസ്ഥലം താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക തൊഴിലാളികൾ. കഴിഞ്ഞദിവസം ഒരാൾ കൊല്ലപ്പെട്ടതോടെ ആരംഭിച്ച കാട്ടാന തുരത്തലിൽ 25 ആനകളെ വനത്തിലേക്ക് കയറ്റിയെങ്കിലും അവ മടങ്ങിയെത്തുമെന്ന് ഇവർ പറയുന്നു.
നിലവിൽ ഫാമിനകത്ത് ഇനിയും 11 ആനകളുണ്ട്. ഇതില്‍ അപകടകാരിയായ മോഴയാനയും കൊമ്പനാനയുമാണ് തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്ക്കുനേരെ പാഞ്ഞടുക്കുകയാണിവ.
കശുവണ്ടി സീസൺ അടുത്തു; കാടുവെട്ടൽ തകൃതി
ഫാമില്‍ കശുവണ്ടി സീസണ് ആരംഭിക്കാനിരിക്കെ കാടുവെട്ടല്‍ വ്യാപകമാണ്. കാടുവെട്ടാന്‍ കരാര്‍ എടുത്തവര്‍ അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് യന്ത്രം ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് ഫാമിലെ പ്രദേശങ്ങളെപ്പറ്റി ധാരണയില്ല. കാട്ടാന ആക്രമിക്കാന്‍ വന്നാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ അപകടമുണ്ടാക്കും.
കാട്ടാനക്കൂട്ടം തെങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നതും കുരങ്ങുശല്യവും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയാണ്. 3500 ഏക്കർ വിസ്തൃതിയിലുള്ള ആറളം ഫാമും 4000 ഏക്കർ വിസ്തൃതിയിലുള്ള ആറളം ആദിവാസി പുനരധിവാസ മേഖലയും കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയിലാണ്. ഏഴു വർഷത്തിനിടെ 11 പേരാണ് ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനകളെ ആറളം മേഖലയിൽനിന്ന് തുരത്താതെ ആറളം ഫാമും വന്യജീവി സങ്കേതമാക്കാനാണ് വനം വകുപ്പ് നീക്കമെന്നാണ് പരാതി.
തെങ്ങുകൃഷി കാട്ടാനകൾ നശിപ്പിച്ചതാണ് ഫാമിലെ വരുമാന ഇടിവിന് പ്രധാന കാരണം. 12 ലക്ഷം തേങ്ങ കിട്ടിയിരുന്ന ആറളം ഫാമിൽ ഇപ്പോൾ ലഭിക്കുന്നത് ഒന്നര ലക്ഷം മാത്രം.
1000 തൊഴിലാളികളും 245 ജീവനക്കാരുമുണ്ടായിരുന്ന ആറളം ഫാമിൽ ഇന്നുള്ളത് 270 തൊഴിലാളികളും 18 ജീവനക്കാരും 118 താൽക്കാലിക തൊഴിലാളികളും മാത്രം. ഈ പട്ടികയിൽനിന്നും അറുപതോളം പേർ വീണ്ടും സ്വമേധയ വിരമിച്ചു. ആറളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ വേണ്ടത് സർക്കാറിന്റെ പ്രത്യേക ഇടപെടലാണ്. ആറളം ഫാം നവീകരണത്തിനായി സർക്കാർ 14.56 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൽ ആദ്യഘട്ടമായി ലഭിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് സെൻട്രൽ നഴ്സറി നവീകരണം, കാർഷിക യന്ത്രവത്കരണം, പുതിയ നഴ്സറി, 25 ഏക്കറിൽ മഞ്ഞൾ കൃഷി എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ഫാം നിലനിൽക്കണമെങ്കിൽ വന്യജീവി ശല്യത്തിൽനിന്ന് സംരക്ഷിച്ച് കൃഷി വകുപ്പുമായി ചേർന്ന് വികസന പദ്ധതികൾ നടപ്പാക്കണം.
തൊഴിൽ മേഖലയിലെ സമരങ്ങൾക്ക് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ആറളത്ത് തിങ്കളാഴ്ച എത്തുമ്പോൾ ഇവക്കെല്ലാം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആറളം ഫാം മാനേജ്മെൻറും പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.