ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ പരാക്രമം
text_fieldsപേരാവൂർ: കാട്ടാനക്കൂട്ടത്തെ പുറത്തേക്ക് തുരത്തി കൃഷിയിടം വൈദ്യുതി വേലി സ്ഥാപിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആറളം ഫാമിൽ ദ്രുതഗതിയിൽ പുരോഗമിക്കവെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി വീണ്ടും കാട്ടാനയുടെ പരാക്രമം. ഫാമിലേക്ക് വീണ്ടും തിരികെ പ്രവേശിക്കാൻ പുതുവഴി കണ്ടെത്തിയാണ് ആനക്കൂട്ടം വന്നത്. കൃഷിയിടത്തിലേക്കുള്ള സഞ്ചാര പാതയിൽ സ്ഥാപിച്ച വൈദ്യുതി വേലി മറി കടക്കാൻ പുഴ കടന്ന് ഓടൻതോട് പാലത്തിനടിയിലൂടെ കൃഷിയിടത്തിലേക്ക് പ്രവേശിച്ചു.
ഫാം പ്രധാന ഓഫിസിന് സമീപത്തുകൂടി കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം അഞ്ചാം ബ്ലോക്കിലെ ഓഫിസിനും തൊഴിലാളികളുടെ കഞ്ഞിപ്പുരക്കും നാശം വരുത്തി. മേഖലയിലെ തെങ്ങുകൾ കുത്തി വീഴ്ത്തിയ ആനക്കൂട്ടം സെൻട്രൽ നഴ്സറിയെ സംരക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയും തകർത്തു. നഴ്സറിയിൽ നിന്നും ഉയർന്ന വിലക്ക് വിൽപന നടത്തേണ്ട അത്യുൽപാദന ശേഷിയുള്ള പ്ലാവിൻതൈകൾ വ്യാപകമായി നശിച്ചു. 300രൂപ മുതൽ 500രൂപ വരെയുള്ള തൈകളാണ് നശിപ്പിച്ചത്.
വനം വകുപ്പിന്റെ സഹായത്തോടെ ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാന കൂട്ടത്തിൽ നിന്നും 20ലധികം ആനകളെ ആദിവാസി പുനരധിവാസ മേഖല വഴി ആറളം വനത്തിലേക്ക് തുരത്തിയിരുന്നു. ഇവ വീണ്ടും കൃഷിയിടത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ വിവിധ ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി വേലിയും സ്ഥാപിച്ചിരുന്നു.
അവശേഷിക്കുന്ന ആനകളെ കൂടി കൃഷിയിടത്തിൽനിന്നും പുറത്താക്കി ഫാമിനെ പൂർണമായും സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പുതുവഴി കണ്ടെത്തിയുള്ള ആനകളുടെ തിരിച്ചു വരവ്. ആനമതിൽ നിർമാണം പൂർത്തിയാകുന്നതോടെ ആറളം വന്യജീവി സങ്കേതത്തിൽ നിന്നും നേരിട്ട് പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് കഴിയാതാകുമെങ്കിലും പുഴകടന്നും മറ്റുമുളള വരവ് ആശങ്കയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.