കാട്ടാനശല്യം; ആത്മഹത്യാഭീഷണിയുമായി കർഷകൻ
text_fieldsപേരാവൂർ: കാട്ടാനശല്യം മൂലം ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യാഭീഷണിയുമായി ആറളം ടി.ആർ.ഡി.എം (ആദിവാസി പുനരധിവാസ, വികസനദൗത്യ വിഭാഗം) ഓഫിസിൽ.
ആറളം ഫാമിലെ ഏഴാം ബ്ലോക്ക് വയനാട് മേഖലയിൽ താമസിക്കുന്ന പി.സി. ബാലനാണ് കൃഷിയിടത്തിലെ കാട്ടാനശല്യത്തിന് പരിഹാരമുണ്ടാകാത്തതിൽ മനംനൊന്ത് ആത്മഹത്യാഭീഷണി മുഴക്കിയത്. ഓഫിസിൽ മണ്ണെണ്ണയുമായി കയറിച്ചെന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. അതിനിടെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. ശോഭ, കോൺഗ്രസ് കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ബൂത്ത് പ്രസിഡന്റ് ഭാസ്കരൻ എന്നിവർ ടി.ആർ.ഡി.എം സൈറ്റ് മാനേജർ അനൂപുമായി ചർച്ച നടത്തി.
ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ താമസക്കാരനായ ബാലനും കുടുംബവും നേരിടുന്ന പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സൈറ്റ് മാനേജർ ഉറപ്പുനൽകി. ഇതോടെയാണ് ബാലൻ ആത്മഹത്യാശ്രമത്തിൽനിന്നു പിന്മാറിയത്. ഇയാളുടെ കൃഷിയിടത്തിലെ വിളകൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്. കലക്ടറെയും ഫാം സന്ദർശിച്ചവേളയിൽ മൂന്നു മന്ത്രിമാരെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.