പ്രാർഥനയും അന്വേഷണവും ഫലം കണ്ടു
text_fieldsപെരിങ്ങത്തൂർ: 38 വർഷംമുമ്പ് ജോലിക്കായി വീട് വിട്ടിറങ്ങിയ മകൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് പുല്ലൂക്കരയിലെ പരവൻറ കിഴക്കയിൽ അബൂബക്കർ ഹാജിയും ആയിഷയും. വർഷങ്ങളോളം മകൻ അഷ്റഫിനെക്കുറിച്ച് സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഹൈദരാബാദിൽനിന്നും ബംഗളൂരിലെത്തിയ അഷ്റഫിനെ സഹോദരനും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. 1986ൽ വീട്ടിൽനിന്ന് സൗദിയിലേക്ക് പോയ അഷ്റഫ് 1995ൽ ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. കൂടെ ജോലി ചെയ്തവരെയൊക്കെ കണ്ടെത്തി നടത്തിയ അന്വേഷണം ഒടുവിൽ ഫലം കണ്ടെത്തുകയായിരുന്നു.
ചെറുപ്പത്തിൽ നാടുവിട്ടതുമായി ബന്ധപ്പെട്ട പ്രയാസം മനസ്സിൽ തങ്ങിയതാണ് ഇത്രയുംകാലം കാണാമറയത്ത് ജീവിതം നയിക്കാൻ കാരണമായതെന്ന് അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഫേസ്ബുക്കിൽ ഷെയർ ചെയ്ത പടം കണ്ട് രൂപസാമ്യം തോന്നിയ ആരോ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. കിട്ടിയ നമ്പറിൽ വിഡിയോ കോൾ ചെയ്തപ്പോൾ എല്ലാവരെയും കണ്ട് മനസ്സലിഞ്ഞ അഷ്റഫ് ബംഗളൂരിൽ എത്തുകയും കുടുംബാംഗങ്ങളോടൊപ്പം അവിടെനിന്നും വീട്ടിൽ എത്തുകയുമായിരുന്നു.
ഭാര്യയോടും മക്കളോടുമൊപ്പം ഹൈദരാബാദിൽ സ്ഥിര താമസമാക്കിയ അശ്റഫ് പരീക്ഷകൾക്ക് ശേഷം കുടുംബത്തെയും പുല്ലൂക്കരയിലെ വീട്ടിൽ കൊണ്ടുവരും. ഹൈദരാബാദിൽ മൊമന്റോ നിർമാണവും മൊത്തകച്ചവടവുമാണ് അഷ്റഫിന്. മലയാളികളായ നിരവധിപേരെ സ്ഥിരമായി ബന്ധപ്പെടാറുണ്ടെങ്കിലും സ്ഥലം വ്യക്തമാക്കാറില്ലെന്നും വീട്ടുകാർ നല്ല സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്നും അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.