പെരിങ്ങത്തൂർ പാലം; അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല
text_fieldsപെരിങ്ങത്തൂർ: കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, 50 വർഷത്തിലേറെ പഴക്കമുള്ള പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. കൈവരികൾ, പാർശ്വഭാഗങ്ങൾ, ഉപരിതലം എന്നിവയെല്ലാം കാലപ്പഴക്കത്താൽ ദ്രവിച്ചിട്ടുണ്ട്. പാലത്തിന്റെ മുകൾ ഭാഗത്ത് വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തും കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുവന്ന നിലയിലാണ്.
ഒരുവർഷം മുമ്പ് ഒരുഭാഗത്തെ കൈവരി പൊട്ടി അടർന്ന് ചരിഞ്ഞനിലയിൽ പുഴയിലേക്ക് തള്ളിയ അവസ്ഥയാണ്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകട സാധ്യതയുള്ളതാണ് കൈവരി.
കൈവരി പൂർവസ്ഥിയിലാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനപാത 38ലെ ഈ പാലത്തിന് നേരത്തേ പൊതുമരാമത്ത് വകുപ്പ് 24.9 ലക്ഷം രൂപ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് 68 പാലങ്ങൾക്കാണ് അടിയന്തിര പ്രവൃത്തിക്ക് 13.47 കോടി രൂപ അനുവദിച്ചത്. ജില്ലയിൽ നാല് പാലങ്ങൾക്ക് മാത്രമാണ് അനുമതി.
കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട സർവേയിൽ നിലവിലെ പാലത്തിനടുത്തു തന്നെ മറ്റൊരു പാലത്തിനും നിർദേശമുണ്ടായിരുന്നു. ദേശീയപാത 66ൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഈ പാലം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. രാത്രിയും പകലുമായി നിരവധി ചരക്ക് വാഹനങ്ങൾ ഇതുവഴി പോകാറുണ്ട്. പാലം ബലപ്പെടുത്തൽ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.