മഴക്കെടുതിയിൽ പെരിങ്ങത്തൂർ
text_fieldsപെരിങ്ങത്തൂർ: തോരാത്ത മഴയിൽ വെള്ളത്തിനടിയിലായി പെരിങ്ങത്തൂരും പരിസര പ്രദേശങ്ങളും. ചൊക്ലി പഞ്ചായത്തിലെ പെട്ടിപ്പാലം-ഒളവിലം റോഡ് ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചത്. ഒളവിലം പാത്തിക്കലിൽ വരക്കൂൽപൊയിൽ സുജിത്തിന്റെയും ജാനകിയുടെയും വീടുകൾക്ക് നേരെ അയൽവാസി മീത്തലെ വരക്കൂൽ നാരായണിയുടെ മതിലിടിഞ്ഞ് വീണു. മതിൽ വീണ് ജാനകിയുടെ വീടിനോട് ചേർന്ന കിണർ തകർന്നു.
ആളപായമില്ല. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. ഒളവിലം ഭാഗത്ത് അടിയന്തര ഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനായി ഒളവിലം എസ്.യു.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ സജ്ജമാക്കി. ചൊക്ലി വില്ലേജ് ഓഫിസർ സുമ അച്യുതന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ ദുരിത മേഖലകൾ സന്ദർശിച്ചു. പാനൂർ നഗരസഭയിലെ 17ാം വാർഡിലെ പുല്ലൂക്കര വരപ്രത്ത് ഭാഗം ഒറ്റപ്പെട്ടു. റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ ഭാഗത്തെ പുഴയോട് ചേർന്നുള്ള പത്തോളം വീടുകൾ കരയിടിച്ചൽ ഭീഷണിയിലാണ്. കൊച്ചിയങ്ങാടി വയൽ പീടിക പ്രദേശത്ത് വെള്ളം കയറിയതിനാൽ ഇതു വഴിയുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചെറു പുല്ലൂക്കര നെല്ലൂർ താഴെ വയൽ മുഴുവൻ വെള്ളത്തിൽ മുങ്ങി. അണിയാരം കാടാങ്കുനി സ്കൂളിന് സമീപം കുനിയിൽ ശശിയുടെ വീട്ടിൽ വെള്ളം കയറി. പുല്ലൂക്കര കുളത്തിൽ പ്രസാദിന്റെ വീട് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ടു. പെരിങ്ങത്തൂർ ബോട്ട്ജെട്ടി പുഴയിൽ വെള്ളം കയറിയതിനാൽ ഭാഗികമായി മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.