പുലിപ്പേടിയിൽ പെരിങ്ങത്തൂർ
text_fieldsപെരിങ്ങത്തൂർ: കനകമലയുടെ താഴ്വരയായ കൊളായി, കീഴ്മാടം, കച്ചേരിമൊട്ട ഭാഗങ്ങളിൽ പുലിയെ കണ്ടതായി വ്യാപക പരാതി. ബുധനാഴ്ച പുലർച്ച കൊളായി മേക്കുന്ന് റോഡിൽ തെരുവ് നായയെയും കടിച്ചു വലിച്ചു കനകമലയിലേക്ക് പുലി കയറി പോകുന്നത് കണ്ടതായി കുടിവെള്ള കേബിൾ തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 ഓടെ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെരിങ്ങളം വില്ലേജ് ഓഫിസ് പരിസരത്ത് പുലിയെ കണ്ടുവെന്നും അണിയാരം കൂലോത്ത് ക്ഷേത്രോത്സവ ദിവസം കൊളായി വാട്ടർ ടാങ്കിന് സമീപം കണ്ടതായി പ്രദേശവാസികളായ രണ്ടു യുവാക്കളും പറഞ്ഞു.
തെരുവ് പട്ടികൾ വ്യാപകമായ പ്രദേശത്ത് കുറച്ചു ദിവസങ്ങളായി പട്ടികളെ കാണാനില്ലെന്നും ഇവർ പറയുന്നു. ചൊക്ലി പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കച്ചേരിക്കുന്നിലും കനകമലയിലും തിരച്ചിൽ നടത്തി.
കണ്ണവം റേഞ്ച് ഓഫിസർ അഖിൽ നാരായണന്റെ നിർദേശത്തിൽ സ്പെഷൽ ഫോറസ്റ്റ് ഓഫിസർ സി. സുനിൽകുമാർ, ബി.എഫ്.ഒമാരായ ബി. ജോബിൻ, എ. സിന്ധു, പി. വിജിലേഷ്, ഡ്രൈവർ ബിജു എന്നിവരുൾപ്പെടുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, കൗൺസിലർമാരായ ടി.കെ. ഹനീഫ, അൻസാർ അണിയാരം, എം.പി.കെ. അയ്യൂബ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.