മേക്കുന്ന് ആരോഗ്യകേന്ദ്രത്തിലെ ‘ശാസ്ത്രിയും കാമരാജും’ പോവില്ല
text_fieldsപെരിങ്ങത്തൂർ: മേക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും പഴയ കെട്ടിടം പൊളിക്കില്ല. കാരണം ഈ കെട്ടിടത്തിൽ ‘ലാൽ ബഹദൂർ ശാസ്ത്രിയും കാമരാജു’മുണ്ട്. കെട്ടിടത്തിന് തറക്കല്ലിട്ടത് 1955 മേയ് രണ്ടിന് അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കെ. കാമരാജ്. ഉദ്ഘാടനം 1956 ഒക്ടോബർ 16ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി.
ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്നവരെ ഇവരുടെ ശിലാഫലകങ്ങളാണ് സ്വാഗതം ചെയ്യുക. തറക്കല്ലിടുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എട്ടുവർഷമേ ആയിരുന്നുള്ളൂ. തറക്കല്ലിട്ട് ഒരു വർഷം പൂർത്തിയായപ്പോൾ ഉദ്ഘാടനവും നടന്നു. അന്നത്തെ വാസ്തു നിർമാണ ശൈലിയിലുള്ള ഒറ്റനില കെട്ടിടത്തിന് ഇന്നും വലിയ കേടുപാടുകളൊന്നുമില്ല.
ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് ചികിത്സ സൗകര്യങ്ങൾ പരിമിതമായ കാലത്ത് മേക്കുന്നിലെ പ്രശസ്തമായ കുന്നോത്ത് നെല്ലിക്ക തറവാട്ടിലെ അഹമ്മദിന്റെ മക്കളായ നെല്ലിക്ക മൂസഹാജി, അബ്ദുല്ല ഹാജി, പക്കി ഹാജി, ഉമ്മര് ഹാജി, മൊയ്തീന് ഹാജി എന്നിവർ പിതാവിന്റെ ഓർമക്കായി ഒരു സർക്കാർ ഫണ്ടുമില്ലാതെ പൂർണമായും സൗജന്യമായി ആശുപത്രിക്ക് വേണ്ടിയെടുത്തതാണ് ഈ കെട്ടിടം.
പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രമായി ഉയർത്തി. കുറ്റ്യാടി -കൂത്തുപറമ്പ് സംസ്ഥാനപാത 38ലെ മേക്കുന്നിൽ പ്രതാപം നിലനിർത്തിയാണ് പാനൂർ നഗരസഭയിലെ ഈ ആരോഗ്യ കേന്ദ്രമുള്ളത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ കെട്ടിടം ഒരു കോടിയിലധികം രൂപ ചെലവിൽ നിർമാണം പൂർത്തിയായി വരികയാണ്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിലൂടെയാണ് പുതിയ കെട്ടിടത്തിന് വഴിയൊരുങ്ങിയത്.
ആശുപത്രി വികസന സമിതിയുടെ നിരന്തര ഇടപെടലിലൂടെ നിലവിലെ കെട്ടിടത്തിന് പിറകിൽ വി.പി. സത്യൻ റോഡിൽ ലഭ്യമായ ആറ് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. മൂന്ന് സെന്റ് സ്ഥലം മേക്കുന്നിലെ വട്ടപ്പറമ്പത്ത് ചന്ദ്രൻ സൗജന്യമായി നൽകി. മൂന്നു സെന്റ് വില കൊടുത്ത് വാങ്ങി. വിശാലമായ ഒ.പി, നിരീക്ഷണമുറി, ലാബ്, ഫാർമസി, പരിശോധന മുറികൾ, ശൗചാലയം, ജീവനക്കാർക്കുള്ള മുറി തുടങ്ങി ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.