നന്മയുടെ രുചിയാണ് സുനിതയുടെ ഭക്ഷണപ്പൊതിക്ക്
text_fieldsചൊക്ലി: കാഞ്ഞിരത്തിൻ കീഴിനടുത്ത പാലോത്ത് താഴെകണ്ടിയിൽ സുനിത ദിവസവും എത്തിക്കുന്നത് നാൽപതിലേറെ പൊതി ഉച്ചഭക്ഷണമാണ്. വിഭവസമൃദ്ധ ഭക്ഷണം, അതും തീർത്തും സൗജന്യമായി. അതിരൂക്ഷമാവുന്ന കോവിഡ് വ്യാപനത്തിൽപെട്ടവർ, ക്വാറൻറീനിൽ കിടക്കുന്നവർ എന്നിവർക്ക് താങ്ങായാണ് സുനിതയുടെ സ്നേഹപ്പൊതിയെത്തുന്നത്.
കോവിഡ് വന്ന തൻെറ പ്രിയസുഹൃത്ത് ഭക്ഷണം കിട്ടാത്ത പ്രയാസത്താൽ ദുരിതമനുഭവിക്കുന്നത് നേരിട്ടറിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷണം എത്തിക്കാൻ തുടങ്ങിയത്. കോവിഡ് രോഗികൾക്ക് ഫലം നെഗറ്റിവ് ആവുന്നതുവരെ സൗജന്യ ഭക്ഷണ വിതരണം നടത്തും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. മുകുന്ദൻ സുനിതക്ക് ആവശ്യമായ പൂർണ പിന്തുണയും
രോഗികളുടെ വിവരങ്ങളും നൽകി ഈ സദുദ്യമത്തിന് നേതൃത്വം നൽകുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പാചകത്തിലും തുടർന്നുള്ള പാക്കിങ്ങിലും ഭർത്താവ് പവിത്രൻ, മക്കൾ, സുഹൃത്ത് കൽപന എന്നിവരും സഹായിക്കുന്നു. ബ്യൂട്ടിഷ്യനായ സുനിതക്ക് പ്രോത്സാഹനമായി വിവിധ പലചരക്ക് സാധനങ്ങൾ എത്തിച്ച് ആരാധന കുടുംബശ്രീയും പൊതുപ്രവർത്തകൻ ഷാജനും ഒപ്പമുണ്ട്. ചൊക്ലി ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലാണ് ഇവർ സൗജന്യമായി ഉച്ചഭക്ഷണം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.