മുഷ്ടി ചുരുട്ടി, മുദ്രാവാക്യമില്ല; മാലയിടലിൽ ഒതുക്കി ആവേശം
text_fieldsകണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ ഞായറാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴുള്ള അന്തരീക്ഷമായിരുന്നില്ല നാലുപേർ പുറത്തിറങ്ങിയ വ്യാഴാഴ്ച സംഭവിച്ചത്. മുഷ്ടി ചുരുട്ടിയ നേതാക്കളും അണികളുമെല്ലാം മുദ്രാവാക്യമൊന്നും വിളിക്കാൻ മിനക്കെട്ടില്ല. പ്രതികൾ ജയിലിൽനിന്നിറങ്ങുന്നതിനു മുമ്പേ മുതിർന്ന നേതാക്കളെല്ലാം എത്തിയെങ്കിലും രക്തഹാരം അണിയിക്കുന്നതിൽ ഒതുക്കി ജയിൽവളപ്പിലെ ആവേശമെല്ലാം. ഞായറാഴ്ച ജയിൽ വളപ്പിൽ സംഭവിച്ച ആവേശപ്രകടനം അൽപം കൂടിപ്പോയെന്ന വിലയിരുത്തലിലാണ് സ്വീകരണ രീതിയിലെ മാറ്റം.
ജയിലിനു മുന്നിൽ ബഹളംവെച്ചുള്ള പ്രതികരണമൊന്നും വേണ്ടെന്ന് നേതാക്കൾ പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നു. മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ജില്ല കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പ്രാദേശിക നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരെ സ്വീകരിക്കാൻ കാസർകോട്, കണ്ണൂർ ജില്ലകളിലെ നേതാക്കൾ രാവിലെ എട്ടിനു മുമ്പേ സെൻട്രൽ ജയിൽ പരിസരത്ത് എത്തിയിരുന്നു. നാലുപേരെയും നേതാക്കൾ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് കാസർകോട് വരെ പലയിടത്തും സ്വീകരണം നൽകി.
പ്രതികളെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്ന ദിവസം സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ നേതൃത്വത്തിലായിരുന്നു വരവേൽപ് നൽകിയിരുന്നത്. ജയിൽ വളപ്പിൽ കയറി പ്രവർത്തകർ നടത്തിയ സ്വീകരണത്തിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആവേശം അതിരുവിടേണ്ടെന്ന് നേതാക്കൾ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.