കണ്ണൂരിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതി
text_fieldsകണ്ണൂർ: സംസ്ഥാനത്ത് അനുവദിച്ച നാല് സ്വകാര്യ വ്യവസായപാർക്കുകളിലൊന്ന് കണ്ണൂരിൽ തുടങ്ങാൻ അന്തിമാനുമതി. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് കൂടുതൽ സംരംഭകരെ വ്യവസായത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വ്യവസായവകുപ്പിന്റെ അനുമതിയോടെയാണ് പാർക്കുകൾ ആരംഭിക്കുന്നത്.
2017ലെ പദ്ധതിയാണെങ്കിലും ഈ വർഷം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യവ്യവസായ പാർക്ക് തുടങ്ങാൻ വ്യക്തികൾ മുന്നോട്ടുവന്നത്.
വി.എം.പി.എസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്സിന്റെ കീഴിൽ തളിപ്പറമ്പിലാണ് സ്വകാര്യ വ്യവസായ പാർക്ക് വരുന്നത്. സംസ്ഥാനത്ത് വ്യവസായ പാർക്കുകൾ തുടങ്ങാനായി 25 സ്വകാര്യ വ്യക്തികളിൽ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള അനുമതി പത്രം വ്യവസായ മന്ത്രി പി. രാജീവ് വിതരണം ചെയ്തു.
സ്വകാര്യ കമ്പനികൾ, കോഓപറേറ്റീവ് സൊസൈറ്റികൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർട്യങ്ങൾ എന്നിവക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം നൽകിയിരുന്നത്. കുറഞ്ഞത് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർക്കാണ് മുൻഗണന നൽകിയത്.
അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് അന്തിമ അനുമതി നൽകിയത്.
ആദ്യ ഘട്ടത്തിൽ ഒരു പാർക്കിൽ 1000 പേർക്ക് ജോലി നൽകാൻ കഴിയുമെന്നാണ് വ്യവസായ വകുപ്പ് അധികൃതരുടെ പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ 30 ലക്ഷം രൂപ വീതം സബ്സിഡി നൽകും. കൂടാതെ റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവക്ക് സർക്കാർ തലത്തിൽ സൗകര്യമൊരുക്കും.
പാർക്കിൽ വെയർഹൗസുകൾ, മറ്റു ലോജിസ്റ്റിക്‌സ് സേവനങ്ങൾ, വാഹന സർവിസ്, റിപ്പയർ ഡിപ്പോകൾ എന്നിവയും അനുവദിക്കും.
രണ്ടുവർഷത്തിനകം തുടങ്ങണം
എല്ലാ അനുമതിയും ഏകജാലകം വഴി വേഗത്തിലാക്കും. അനുമതികൾ ലഭിച്ച് മൂന്നുമാസത്തിനകം കെട്ടിടനിർമാണം തുടങ്ങണം. രണ്ടുവർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കും. സംരംഭകൻ പരാജയപ്പെട്ടാൽ പാർക്ക് നടത്തിപ്പ് വ്യവസായ-വാണിജ്യ ഡയറക്ടർ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.