പെട്രോൾപമ്പ് ചോർച്ചയിൽ കിണർവെള്ളം മലിനമാകുന്നു; പരാതി തള്ളി മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: എച്ചൂരിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷന്റെ സി.ആർ ഫ്യൂവൽസ് പെട്രോൾ പമ്പിൽ നിന്നുള്ള ചോർച്ച കാരണം കിണർവെള്ളം മലിനമായെന്ന പരാതി തെളിവുകളുടെ അഭാവത്തിൽ മനുഷ്യാവകാശ കമീഷൻ തള്ളി.
കമീഷൻ നേരിട്ട് രൂപവത്കരിച്ച വിദഗ്ധരുടെ പഠന റിപ്പോർട്ട് പരിശോധന വിധേയമാക്കിയ ശേഷമാണ് ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പരാതി തള്ളിയത്. കിണർ വെള്ളത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ദുർഗന്ധം തുടരുകയാണെങ്കിൽ പരാതിക്കാരൻ കണ്ണൂർ കോർപറേഷനെ സമീപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കമീഷൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. കിണർവെള്ളത്തിന്റെ ദുർഗന്ധത്തിനുള്ള യഥാർഥ കാരണം വ്യക്തമായ തെളിവുകളോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബോർഡ് അറിയിച്ചു. ഭാരത് പെട്രോളിയവും ആരോപണം നിഷേധിച്ചു. തുടർന്ന് വിദഗ്ധരെ അംഗങ്ങളാക്കി കമീഷൻ വിദഗ്ധ സമിതി രൂപവത്കരിച്ചു.
പെട്രോൾ ടാങ്കുകളിൽ ചോർച്ചയില്ലെന്ന് സമിതി കണ്ടെത്തി. എന്നാൽ, പമ്പിലെ വിൽപന കേന്ദ്രത്തിൽനിന്നുള്ള ചോർച്ച ചിലപ്പോൾ മലിനീകരണത്തിന് കാരണമാകാമെന്ന് റിപ്പോർട്ടിലുണ്ട്. എച്ചൂർ ശ്രീരംഗത്തിൽ എമിൽ അശോക് സമർപ്പിച്ച പരാതിയാണ് തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.