നിസ്സാര തർക്കം, പിന്നാലെ കൊല
text_fieldsകണ്ണൂർ: നിസ്സാര തർക്കത്തിന്റെ പേരിൽ നഷ്ടമായത് മൂന്ന് സഹോദരിമാരുടെ അത്താണിയായ കുടുംബനാഥന്റെ ജീവൻ. അയൽവാസി റോഡിലേക്ക് വാഹനം കഴുകിയ വെള്ളം ഒഴുക്കിവിട്ടത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് ഞായറാഴ്ച രാത്രി തുളിച്ചേരി നമ്പ്യാർ മൊട്ടയിലെ അമ്പൻ കേളോത്തും കണ്ടി അജയകുമാറിന്റെ കൊലയിലേക്ക് നയിച്ചത്. വാഹനം കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കിയതാണ് തർക്കത്തിന് കാരണം. വൈകീട്ട് നടന്ന പ്രശ്നം പറഞ്ഞുതീർത്തെങ്കിലും ദേവദാസും മക്കളും ഭീഷണിമുഴക്കിയിരുന്നു.
രാത്രി വീടിനടുത്തുള്ള കടവരാന്തയിൽ ഇരിക്കുകയായിരുന്ന അജയകുമാറിനെ ഹെൽമെറ്റ്, വടി, കല്ല്, കസേര എന്നിവ ഉപയോഗിച്ച് ദേവദാസ്, മക്കളായ സഞ്ജയ് ദാസ് സൂര്യദാസ്, കാറ്ററിങ് ജീവനക്കാരനായ അതിഥി തൊഴിലാളി എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് പ്രവീണിനും മർദനമേറ്റു.
പരിക്കേറ്റ് റോഡിൽ വീണിട്ടും മർദനം തുടർന്നു. അബോധാവസ്ഥയിൽ റോഡിൽ കിടന്ന അജയകുമാറിനെയും പ്രവീണിനെയും കോർപറേഷൻ കൗൺസിലർ കല്ലിക്കോടൻ രാജേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈകാതെ അജയകുമാർ മരിച്ചു. മുമ്പും അയൽവാസികളുമായി വാക് തർക്കം ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.
ഇലക്ട്രീഷ്യനായ അജയകുമാർ പൊതുവേ ശാന്ത സ്വഭാവിയാണ്. എല്ലാവരുമായി സൗമ്യമായ പെരുമാറ്റം. മാതാപിതാക്കളായ കുമാരന്റെയും രോഹിണിയുടെയും മരണശേഷം മൂന്ന് സഹോദരിമാർക്കൊപ്പമാണ് താമസം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞുതീർത്തെങ്കിലും രാത്രി പ്രതികൾ ആസൂത്രിതമായി ആക്രമിക്കാനെത്തുകയായിരുന്നു.
ഞെട്ടൽ മാറാതെ നാട്
പറഞ്ഞുതീർക്കാവുന്ന തർക്കത്തിന്റെ പേരിൽ ഒരു കുടുംബത്തിന്റെ അത്താണിയെ അടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കൊലപാതകത്തെത്തുടർന്ന് പ്രതികളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും അജ്ഞാതർ തകർത്തു. അജയകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് വാഹനങ്ങൾക്കുനേരെ അക്രമമുണ്ടായത്. ശബ്ദം കേട്ട് നാട്ടുകാരും പൊലീസും എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. കല്ലുകൾ ഉപയോഗിച്ച് കാർ തകർക്കുകയും ഓട്ടോറിക്ഷ മറിച്ചിടുകയും ചെയ്തു.
അജയകുമാറിന്റെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. വൈകീട്ട് നാലോടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. കെ. സുധാകരൻ എം.പി, കെ.വി. സുമേഷ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വി.പി. അബ്ദുൽ റഷീദ്, ടി. ജയകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.