കൊട്ടിയൂരിൽ തീർഥാടക പ്രവാഹം
text_fieldsകൊട്ടിയൂർ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോൽസവ നഗരിയിലേക്ക് തീർഥാടക പ്രവാഹം. ഞായറാഴ്ച വൈശാഖോത്സവത്തിന് അക്കരെ കൊട്ടിയൂർ സന്നിധി ഭക്തജനങ്ങളാൽ നിറഞ്ഞു. ഈ വർഷത്തെ ഉത്സവത്തിന് ഏറ്റവും അധികം ഭക്തജനങ്ങൾ എത്തിയ ദിവസമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, വടകര ,ബാലുശ്ശേരി പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഇ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങിയത്. സമീപ ജില്ലകളിൽ നിന്നും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഒഴുകിയെത്തിയ തീർഥാടക പ്രവാഹത്തിൽ ഉൽസവ നഗരിയും സമീപ പ്രദേശങ്ങളും നിശ്ചലമായി.
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ഭക്തജനങ്ങൾ ബുദ്ധിമുട്ടി. കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ഭക്തജനങ്ങൾ വിഷമിച്ചു. കൊട്ടിയൂർ സമാന്തര റോഡിൽ രൂപപ്പെട്ടത് പത്തു കിലോമീറ്ററിലധികം ഗതാഗതക്കുരുക്കാണെങ്കിൽ കൊട്ടിയൂർ മാനന്തവാടി റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെ ആരംഭിച്ച ഭക്തജനപ്രവാഹത്തിൽ രാവിലെ ഏഴോടെ തന്നെ തിരുവഞ്ചിറ നിറഞ്ഞു കവിഞ്ഞു. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹത്തിൽ കണിച്ചാർ മുതൽ ഗതാഗത തടസ്സവുമുണ്ടായി.
കണിച്ചാർ മുതൽ ഗതാഗതം തടസ്സപ്പെട്ടതോടെ ചെറുവാഹനങ്ങൾ നാനാനിപൊയിൽ -ഇരട്ടത്തോട് ഭാഗങ്ങളിൽ നിന്നും സമാന്തരപാത വഴി തിരിച്ചുവിട്ടു. വാഹന പാർക്കിങ് ഗ്രൗണ്ടുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞതോടെ വാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്നിടത്തൊക്കെ വാഹനങ്ങളിട്ട് ഭക്തർ കാൽനടയായും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. വെയിലിനെയും മഴയെയും അവഗണിച്ച് ഭക്തരെത്തിയതോടെ ദേവസ്വം വളന്റിയർമാരുടെയും പൊലീസിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെയും പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗക്കുരുക്ക് നിയന്ത്രിച്ചത്. അഞ്ചുമണിക്കൂറിലധികം വരി നിന്നാണ് പല ഭക്തർക്കും ദർശനം നടത്തിയത്. കൊട്ടിയൂരിലേക്കുള്ള ഊടുവഴികൾപോലും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ കൊട്ടിയൂരിൽ നിന്ന് തിരിച്ചു പോകാനും ഭക്തർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. അക്കരെ കൊട്ടിയൂരിൽ മൊബൈൽ ഫോൺ ബന്ധം താറുമാറായി. ഇതോടെ ആശയവിനിമയങ്ങളും ഇടക്കിടെ താറുമാറായി. ഉൽസവ നാളുകളിലെ സവിശേഷ ചടങ്ങായ രോഹിണി ആരാധന പതിമൂന്നിന് നടക്കും. രോഹിണി ആരാധന നാളിൽ ഉച്ചശീവേലി ദേവന് പൊന്നിൻ ശീവേലിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.