പ്ലാസ്റ്റിക്മുക്ത കണ്ണൂർ; കലക്ടറേറ്റിൽ ശുചീകരണം തുടങ്ങി
text_fieldsകണ്ണൂർ: മഴക്കാലപൂർവ ശുചീകരണത്തിന്റെയും പ്ലാസ്റ്റിക്മുക്ത കണ്ണൂർ കാമ്പയിനിന്റെയും ഭാഗമായി കലക്ടറേറ്റിലേയും പരിസരത്തേയും ശുചീകരണ പ്രവൃത്തിക്ക് തുടക്കമായി. കലക്ടറേറ്റ് പരിസരത്ത് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്റെയും ക്ലീൻ കേരളയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, നിർമാണമാലിന്യങ്ങൾ, ചളികലർന്ന മാലിന്യങ്ങൾ തുടങ്ങിയവയാണ് ഇവിടെനിന്നും നീക്കംചെയ്യുന്നത്. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ മലബാർ മെറ്റൽസും നിർമൽ ഭാരത് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് മാലിന്യം ശേഖരിക്കുന്നത്. കലക്ടറേറ്റിനെ മാലിന്യമുക്തമായ മാതൃകാപരമായ സ്ഥലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസം നീളുന്ന ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും ശുചിത്വ കമ്മിറ്റി രൂപവത്കരിക്കുകയും ജൈവമാലിന്യ സംസ്‌കരണത്തിനായി ബയോബിൻ സ്ഥാപിക്കുകയും ചെയ്യും. എല്ലാ മാസവും കലക്ടറേറ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ ഓരോ ഓഫിസിലെയും മാലിന്യങ്ങൾ വേർതിരിച്ച് മാലിന്യസംസ്‌കരണ ഏജൻസിക്ക് കൈമാറും. എ.ഡി.എം കെ.കെ. ദിവാകരൻ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ജില്ല റിസോഴ്സ് പേഴ്സൻ വി.കെ. അഭിജാത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.