പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍; നടപടി കര്‍ശനമാക്കുന്നു
text_fieldsകണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെയും ഉദ്യോഗസ്ഥര്‍ സ്ക്വാഡിലുണ്ടാകും.
പ്ലാസ്റ്റിക് കാരിബാഗുകള്‍, ഒറ്റത്തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ജില്ലയിൽ നിരോധിച്ചതാണ്. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ പട്ടണങ്ങളില്‍ ആയതിനാല്‍ നഗരസഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം. ഉത്സവങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുള്ള പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനുള്ള നടപടികളും ആവശ്യമാണ്. ഇതിനായി ബന്ധപ്പെട്ടവരുമായി മുന്‍കൂട്ടി സംസാരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
കോഴിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലയില്‍ രണ്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കോഴി വിൽപന കടകളില്‍നിന്നും മാലിന്യം ഇവിടേക്കുതന്നെ എത്തിക്കുന്നുവെന്നും ഉറപ്പാക്കണം. ഇതിനാവശ്യമായ കരാര്‍ കോഴി കച്ചവടക്കാരുമായി ഉണ്ടാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും മറ്റും അറവുമാലിന്യം എത്തുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഭവമുണ്ടായാല്‍ ശക്തമായ നിയമ നടപടി കൈക്കൊള്ളാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിദേശം നല്‍കി. ജില്ലയെ അറവുമാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഏകോപനത്തോടെ എല്ലാ വകുപ്പുകളും ഏജന്‍സികളും ഇടപെടണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എ.ഡി.എം കെ.കെ. ദിവാകരന്‍, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.