കണ്ണൂർ ഗവ. മെഡിക്കൽ കോളജ്; പ്ലാസ്റ്റിക് സർജറി ഒ.പി തിങ്കളാഴ്ച മുതൽ
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ഒ.പി തിങ്കളാഴ്ച മുതൽ ആരംഭിക്കും. സർക്കാർ തീരുമാനപ്രകാരം വിദഗ്ധ പ്ലാസ്റ്റിക് സർജനായ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി.പി. സാബു പരിയാരത്ത് ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം. ആശുപത്രിയിലെ രണ്ടാം നിലയിലുള്ള ജനറൽ സർജറി ഒ.പിക്കു സമീപത്തായാണ് പ്ലാസ്റ്റിക് സർജറി ഒ.പിയും സജ്ജീകരിച്ചിരിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം.
നിലവിൽ ചുമതലയേറ്റ ഡോക്ടർക്കു പുറമേ ഒരു ഡോക്ടറുടെ സേവനംകൂടി സമീപഭാവിയിൽ ലഭിക്കും. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കുപറ്റി ചികിത്സ തേടിയെത്തുന്നവരിൽ നിരവധി പേർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെകൂടി ചികിത്സ ആവശ്യമുള്ളവരാണ്. അവർക്ക് ഗോൾഡൻ അവറിൽത്തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതിന് പ്രധാനമാണ്.
ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികൾ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സ്ഥിതിക്കുകൂടിയാണ് പരിയാരത്ത് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതോടെ മാറ്റം വരുന്നത്.
ഇതോടെ, പ്ലാസ്റ്റിക് സർജറി ചികിത്സ കടംകയറാതെ സാധാരണക്കാർക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പി.ജി കോഴ്സുകൾ ആരംഭിക്കുക എന്നതാണ് മുന്നിലുള്ള അടുത്ത ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.