പ്ലസ്ടു: കണ്ണൂരിൽ 81.05 ശതമാനം വിജയം
text_fieldsകണ്ണൂർ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 81.05 ശതമാനം വിജയം. 3427 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൂത്തുപറമ്പ് റാണിജെയ് എച്ച്.എസ്.എസ്, പരിയാരം കാരക്കുണ്ട് ഡോൻബോസ്കോ സ്പീച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ നൂറുശതമാനം വിജയം നേടി.
കഴിഞ്ഞവർഷത്തെ (85.52 ശതമാനം) അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിച്ചു. 3067 പേർക്കാണ് കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത്തവണ 360 പേർ എ പ്ലസ് പട്ടികയിൽ കൂടുതലായി ഇടംപിടിച്ചു. വിജയശതമാനത്തിലും എ പ്ലസ് നേട്ടത്തിലും സംസ്ഥാനത്ത് അഞ്ചാമതാണ് കണ്ണൂർ.
ജില്ലയിൽ അഞ്ച് വിദ്യാർഥികൾ മുഴുവൻ മാർക്കും (1200) നേടി. ഇ.കെ. ഗോപിക (മയ്യിൽ ജി.എച്ച്.എസ്.എസ്), അനിക മനോജ് (ചേലോറ ജി.എച്ച്.എസ്.എസ്), എൻ. ശ്രീനന്ദ (പയ്യന്നൂർ മുൻസിപ്പൽ എച്ച്.എസ്.എസ്), എ. കൃഷ്ണ (പയ്യന്നൂർ ജി.ജി.എച്ച്.എസ്.എസ്), സാനിയ കെ. രാജേഷ് (നടുവിൽ എച്ച്.എസ്.എസ്) എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്.
കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി 155 സ്കൂളുകളിലെ 31,815 വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 31,628 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 25,635 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞവർഷത്തെ (32,107) അപേക്ഷിച്ച് കുറവാണ്. വി.എച്ച്.എസ്.ഇയിൽ 1345 പേർ പരീക്ഷയെഴുതിയതിൽ 872 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 64.83 ശതമാനമാണ് വിജയം. ഓപ്പൺ സ്കൂൾ തലത്തിൽ 1895 പേർ രജിസ്റ്റർ ചെയ്തപ്പോൾ 1825 പേരാണ് പരീക്ഷയെഴുതിയത്.
ഇതിൽ 748 പേർ ഉപരിപഠനത്തിന് അർഹത നേടി. 40 ശതമാനമാണ് വിജയം. 12 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപ്പൺ സ്കൂൾ തലത്തിൽ വിജയശതമാനവും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
മാഹിയിൽ ആറ് സ്കൂളുകളിലായി 734 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 731 പേർ പരീക്ഷ എഴുതിയപ്പോൾ 568 പേർ വിജയംനേടി. 77.70 ശതമാനമാണ് വിജയം.
112 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ചാലക്കര സെന്റ് തെരേസാസ് എച്ച്.എസ്.എസ് നൂറു ശതമാനം വിജയം നേടി.
ചാലക്കര എക്സൽ പബ്ലിക് എച്ച്.എസ്.എസിലെ സയൻസ് വിദ്യാർഥികളായ സ്നേയ തിലക്, നിമൽ ധന്യന്ത്, ആയിഷ ഷഹാന എന്നിവർ മുഴുവൻ മാർക്കും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.