പോയന്റ് ഓഫ് കാൾ നിഷേധം: പിന്നിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം
text_fieldsകണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് കേന്ദ്രസർക്കാർ നിഷേധാത്മക നിലപാട് ആവർത്തിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു.കേരളത്തിന് അർഹിക്കുന്നതൊന്നും അനുവദിക്കാതെ രാഷ്ട്രീയ വിരോധം തീർക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടുകളുടെ തുടർച്ചയായിട്ടു വേണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ഈ നിലപാടും കാണേണ്ടത്.
പോയന്റ് ഓഫ് കാൾ പദവി അനുവദിച്ചാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് കുതിപ്പേകുന്നതാകും. എന്നാൽ, ഈ വിമാനത്താവളത്തിന്റെ വികസനത്തിനാണ് നിഷേധാത്മക നിലപാടിലൂടെ കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുന്നത്.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് എന്നിവക്കു പുറമെ കർണാടകയുടെ ഭാഗമായ കുടക്, വീരാജ് പേട്ട പ്രദേശങ്ങളിൽ നിന്നുള്ള വലിയൊരു ജനവിഭാഗവും ആശ്രയിക്കുന്നത് കണ്ണൂർ വിമാനത്താവളത്തെയാണ്.
തുടക്കത്തിൽ നല്ലനിലയിൽ പ്രതീക്ഷ നൽകിയ വിമാനത്താവളത്തെ ഞെരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് സാങ്കേതിക വാദമുന്നയിച്ച് കേന്ദ്രസർക്കാർ തുടരുന്നത്. കേന്ദ്ര സർക്കാറിന്റെ ഈ നിലപാടിനു പിന്നിൽ കേരളത്തോട് പൊതുവേ കാണിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്.
കോവിഡ് കാലത്തും ഹജ്ജ് തീർഥാടക യാത്രാസമയത്തും വിദേശ വിമാനക്കമ്പനികൾ അടക്കമുള്ളവരുടെ വൻ വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങുകയും പറക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിമാനത്താവളങ്ങളിൽ ഒന്നാണ് കണ്ണൂർ.
മെട്രോ നഗരത്തിലല്ല കണ്ണൂർ വിമാനത്താവളമെന്ന് പറഞ്ഞാണ് പോയന്റ് ഓഫ് കോൾ പദവി കേന്ദ്രം തുടർച്ചയായി നിഷേധിക്കുന്നത്. വിദേശകമ്പനികൾക്ക് സർവിസ് നടത്തണമെങ്കിൽ ഈ പദവി നിർബന്ധമാവും. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത അന്നുമുതൽ ഈയാവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും മെട്രോയുടെ പേരിൽ കേന്ദ്രം നിഷേധിക്കുകയാണ്. ഏറ്റവുമൊടുവിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്നലെയും ഇതാവർത്തിച്ചു.
മെട്രോ നഗരമല്ലാത്ത ഗോവയിലെ മോപ്പയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും അന്തമാനിലെ പോർട്ട് ബ്ലെയറിലും സമീപകാലത്താണ് പോയന്റ് ഓഫ് കാൾ പദവി അനുവദിച്ചത്.35 കിലോമീറ്റർ ചുറ്റളവിലാണ് ഗോവയിലെ രണ്ടു വിമാനത്താവളങ്ങൾക്ക് പോയന്റ് ഓഫ് കാൾ പദവി നൽകിയത്. ഇതോടെ കണ്ണൂരിനോടുള്ള നിലപാടിലെ രാഷ്ട്രീയം വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.