മുമ്പ് ഉത്തരേന്ത്യൻ മാഫിയ, ഇന്ന് മലയാളികളെ ഓൺലൈനിൽ പറ്റിക്കാൻ മലയാളി സംഘങ്ങൾ തന്നെ സജീവം
text_fieldsകണ്ണൂർ: മലയാളികളിൽനിന്ന് കോടിയിലേറെ രൂപ ഓൺലൈനിൽ തട്ടിയെടുക്കുന്നതിന് പിന്നിൽ കൂടുതൽ സ്വദേശികളും. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങൾ സജീവം.
ഓൺലൈനായി നിക്ഷേപ പദ്ധതിയിൽ ചേർത്ത് രണ്ടു ലക്ഷം രൂപ തട്ടിയ കേസിൽ കഴിഞ്ഞദിവസം മലയാളി അറസ്റ്റിലായി. തട്ടിപ്പിന് പിന്നിലെ കൂടുതൽ മലയാളികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ മുഫ്ലികി (21) നെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കംബോഡിയയിൽ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള വിപുലമായ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ നേരത്തെ സമാനമായ തട്ടിപ്പ് നടത്തിയതിന് തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുലക്ഷം രൂപയാണ് തൃശൂരിൽനിന്ന് തട്ടിയത്.
കേരളത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്തു അവർ വഴി ഫേസ്ബുക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു വ്യാജ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അമ്പതോളം ആളുകളുടെ പേരിൽ വ്യാജ സിം കാർഡുകൾ മറ്റു പ്രതികളെ കൊണ്ട് എടുപ്പിച്ച് കംബോഡിയയിൽ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കും. ഫേസ്ബുക് വഴി സൗഹൃദം സ്ഥാപിക്കുന്നവരെ ഇത്തരം വാട്സ്ആപ് അക്കൗണ്ടിലൂടെ വോയിസ് കോൾ, വീഡിയോ കോൾ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരോട് തട്ടിപ്പ് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിൽ സ്ത്രീകള്‍ ഉൾപ്പെടെ അമ്പതോളം മലയാളികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈൻ പാർട് ടൈം ജോലി തട്ടിപ്പ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവയുടെ പിന്നിലെ പ്രധാന തല മലയാളികളെന്നാണ് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ജില്ലയിലെ വിവിധ ഓൺലൈൻ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും മലയാളികൾ സൈബർ പൊലീസിന്റെ പിടിയിലായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വന്‍ സാമ്പത്തികനേട്ടവും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ് മലയാളി ടെക്കികൾ തട്ടിപ്പിന് പിന്നാലെ പോകാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഫേസ്ബുക്കിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1.65 ലക്ഷം രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ തിരികെ നൽകാതെയാണ് തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയിൽ ഓൺലൈനായി ലോണിന് അപേക്ഷിച്ചയാൾക്ക് 1.09 ലക്ഷം രൂപ നഷ്ടപ്പെട്ടു. ലോൺ ലഭിക്കുന്നതിന് വിവിധ ചാർജുകൾ നൽകണമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം അടച്ച പണമോ ലോണോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ പരാതിപ്പെടാം.http://www.cybercrime.gov.in പോര്‍ട്ടലിലൂടെയും പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.