കണ്ണൂരിൽ വിവരങ്ങൾ തേടി വീടുകയറി പൊലീസ്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിന് പൊലീസ് വ്യക്തികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച വിവാദത്തിനിടെ, പൊലീസ് വീടുകളിൽ ചെന്ന് കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതായി പരാതി.
കണ്ണൂർ നഗരത്തിലെ ഏതാനും വീടുകളിൽ നിന്ന് വീട്ടിലെ മുഴുവൻ വ്യക്തികളുടെയും പൂർണ വിവരങ്ങളാണ് ടൗൺ പൊലീസ് ശേഖരിച്ചത്. സ്ത്രീകൾ മാത്രമുള്ള, പുരുഷന്മാർ വിദേശത്ത് ജോലി ചെയ്യുന്ന വീടുകളിൽ നിന്നാണ് വിവരങ്ങൾ തേടിയത്.
വീടുകളിലെ എല്ലാ അംഗങ്ങളുടെയും ആധാർ, ഫോൺ നമ്പറുകൾക്ക് പുറമെ, പാസ്പോർട്ട് വിവരങ്ങളും പൊലീസ് കുറിച്ചെടുത്തു. ഗൾഫിലുള്ള പുരുഷന്മാരുടെ പാസ്പോർട്ട് വിവരങ്ങൾക്ക് പുറമെ, വിദേശത്തെ ഫോൺ നമ്പറും ജോലിയുടെ വിശദാംശങ്ങളും ചോദിച്ചു.
വിവര ശേഖരണം നടന്ന വീട്ടിലെ ആർക്കും കോവിഡ് ബാധയോ രോഗികളുമായി സമ്പർക്കമോ ഉണ്ടായിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. വിദേശത്തുള്ളവരുടേത് ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ തിരക്കി പൊലീസ് എത്തിയതിൽ ഇവർ ആശങ്കയിലാണ്.
എന്നാൽ, ജനമൈത്രി പദ്ധതി പ്രകാരമുള്ള വിവരശേഖരണമാണ് എന്നാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ജനമൈത്രിയുടെ ഭാഗമായി പ്രത്യേകം വിവര ശേഖരണം ഇപ്പോൾ നടക്കുന്നില്ല.
മാത്രമല്ല, കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പർക്കം പരമാവധി ഒഴിവാക്കുകയെന്നതാണ്. സമ്പർക്കം കുറക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന പൊലീസ് തന്നെയാണ് അത്യാവശ്യമില്ലാത്ത വിവരങ്ങൾ തേടി വീടുകൾ കയറിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.