'ലൗലി' അത്ര ലവ്ലിയല്ല; 'ഹണ്ടർ' വേട്ടയാടി പിടിക്കും
text_fieldsകണ്ണൂർ: പേരിൽ മാത്രമാണ് ഇവൾ 'ലൗലി'യെന്ന് പരിശീലകർ. ഒരു വയസ്സുമാത്രമേ ഉള്ളൂവെങ്കിലും കുറ്റാന്വേഷണത്തിൽ മിടുക്കിയാണ്. കണ്ണൂർ പൊലീസിന് കീഴിലെ ഡോഗ് സ്ക്വാഡിലാണ് വിദേശത്തുനിന്ന് മിടുക്കരായ രണ്ട് അംഗങ്ങൾ കൂടിയെത്തിയിരിക്കുന്നത്. ബെൽജിയം, ഇംഗ്ലണ്ട് രാജ്യങ്ങളിലെ ബ്രീഡിൽപ്പെട്ട നായ്ക്കളാണ് പരിശീലനം പൂർത്തിയായി കണ്ണൂരിലെത്തിയത്. ബെൽജിയം മെലനോവിസ് ബ്രീഡിൽപ്പെട്ട ഒരു വയസ്സുള്ള ആൺ നായ് 'ഹണ്ടർ', ഇംഗ്ലണ്ടിലെ ബീഗിൾ ബ്രീഡിൽപ്പെട്ട ഒരു വയസ്സുള്ള പെൺ നായ് 'ലൗലി' എന്നിവയാണ് കണ്ണൂർ പൊലീസിന് ലഭിച്ചത്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽനിന്ന് വിദഗ്ധ പരിശീലനം കഴിഞ്ഞ വിദേശയിനത്തിൽപ്പെട്ട അഞ്ച് നായ്ക്കളിൽ രണ്ടെണ്ണമാണ് ജില്ല പൊലീസിന് കീഴിലുള്ള ഡോഗ് സ്ക്വാഡിന് ലഭിച്ചത്.
കൊലപാതകം, കളവ്, മോഷണം, മാൻ മിസിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്ന 'ട്രാക്കർ' വിഭാഗത്തിലാണ് ഹണ്ടർ പലിശീലനം പൂർത്തിയാക്കിയത്. ബോംബ് സ്ക്വാഡിെൻറ പരിശോധനയുമായി ബന്ധപ്പെട്ടുള്ള മേഖലകളിലാണ് ലൗലിയുടെ വൈദഗ്ധ്യം. സിവിൽ പൊലീസ് ഒാഫിസർമാരായ രജീഷ് ബാബു, കെ.വി. നികേഷ് എന്നിവരാണ് ലൗലിയുടെ പരിശീലകർ. ശ്യാം മോഹൻ, പി.എം. ജിജേഷ് എന്നിവരാണ് ഹണ്ടറിന് ആവശ്യമായ നിർദേശം നൽകുന്നത്. വി.െഎ.പി സന്ദർശന സമയങ്ങളിലടക്കം വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇനി ലൗലിയുടെ സേവനമാണ് ഉപയോഗിക്കുകയെന്ന് ഡോഗ് സ്ക്വാഡ് അധികൃതർ അറിയിച്ചു.
ഇതോടെ കണ്ണൂർ ഡോഗ് സ്ക്വാഡിന് കീഴിൽ ഏഴ് അംഗങ്ങളാണുള്ളത്. ട്രാക്കർ, നാർകോട്ടിക് വിഭാഗങ്ങളിൽ രണ്ടു വീതവും എക്സ്പ്ലോസിവ് ഡിറ്റക്ഷനിൽ മൂന്നെണ്ണവുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.