മയക്കുമരുന്നിനെ തുരത്താൻ പൊലീസ്
text_fieldsകണ്ണൂർ: വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ നടപടികളുമായി പൊലീസ്. സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം സെക്യൂരിറ്റി ബോണ്ട് നടപ്പാക്കി തുടങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകാരുള്ളത് കണ്ണൂര്‍ ജില്ലയിലാണെന്ന് എക്സൈസ് റിപ്പോർട്ടു പുറത്തുവന്ന സാഹചര്യത്തിലാണ് കർശന നടപടികളുമായി പൊലീസ് മുന്നിട്ടിറങ്ങിയത്.
സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞദിവസം നിയമസഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇതിൽ 412 പേർ കണ്ണൂർ ജില്ലയിലാണ്. എം.ഡി.എം.എ അടക്കമുള്ള രാസലഹരിമരുന്നുകളുടെ വിൽപനയും വിതരണവും ജില്ലയിൽ വർധിച്ചുവരുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ രാസലഹരിമരുന്നുകൾ പിടികൂടുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കടുപ്പിച്ചത്. സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ചും വിൽപന നടത്തിയും കേസുകളിൽ പ്രതികളായവർക്കെതിരെയാണ് ബോണ്ട് ചുമത്തിയത്. 333 പേർക്കെതിരെ സെക്യൂരിറ്റി ബോണ്ട് ഈടാക്കുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് കോടതിയിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
അതിൽ 24 പേർക്കെതിരെ കോടതി സെക്യൂരിറ്റി ബോണ്ട് ഈടാക്കി. മയക്കുമരുന്ന് കേസുകളിലെ പ്രതികൾ വീണ്ടും സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ബോണ്ട് പ്രകാരമുള്ള തുക കോടതിയിൽ അടക്കേണ്ടിവരും. എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന് വേണ്ടിയാണ് ഇത്തരം കേസുകളിൽ പ്രതികളാകുന്ന വ്യക്തികൾക്കെതിരെ കോടതി ബോണ്ട് നടപ്പാക്കുന്നത്.
ഭൂരിഭാഗം മയക്കുമരുന്ന് കേസുകളിൽ സ്ഥിരം പ്രതികളാണ് പിടിയിലാവുന്നത്. സെക്യൂരിറ്റി ബോണ്ട് ഈടാക്കുന്നതോടെ ഇത്തരം കേസുകൾ കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 1,383 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിൽ 1,462 പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. 70 കിലോ കഞ്ചാവ്, 2.115 കിലോ എം.ഡി.എം.എ, 3.91 ഗ്രാം ഹാഷീഷ്, 190.815 ഗ്രാം ബ്രൗൺ ഷുഗർ, 129.18 ഗ്രാം ഹാഷീഷ് ഓയിൽ, 38.53 ഗ്രാം മെതാക്വലോൺ, 58.79 ഗ്രാം ഓപിയം, 78 നൈട്രാസെപാം ഗുളികകൾ, 277 എൽ.എസ്.ഡി സ്റ്റാബ്, 110 ലഹരി ഗുളികകൾ, 1287 കഞ്ചാവ് ബീഡികൾ എന്നിവയാണ് ഇക്കാലയളവിൽ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.