നാടിനെ നടുക്കി വീണ്ടും അറുകൊല; സ്കൂൾ പൂർണതോതിൽ തുറന്ന ദിനം ഹർത്താൽ
text_fieldsതലശ്ശേരി: രാഷ്ട്രീയ വൈരത്തിൽ ഒരു ഒരു ജീവൻകൂടി വെട്ടിനുറുക്കപ്പെട്ട വാർത്തയുമായാണ് തിങ്കളാഴ്ച തലശ്ശേരി ഉണർന്നത്. പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകൻ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളുടെ മുന്നിൽ സ്വന്തം വീട്ടുമുറ്റത്താണ് ദേഹമാസകലം വെട്ടേറ്റുവീണ് ഹരിദാസ് അന്ത്യശ്വാസം വലിച്ചത്.
ഇടതുകാൽ അറുത്തുമാറ്റിയ നിലയിലായിരുന്നു. മാസങ്ങൾക്കുമുമ്പ് പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21) വധത്തിന്‍റെ തനിയാവർത്തനം. മൻസൂറും വീട്ടുമുറ്റത്താണ് പിടഞ്ഞുമരിച്ചത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാത്ത സമയത്ത് ഓർക്കാപ്പുറത്താണ് ഹരിദാസിന്‍റെ കൊല.
നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ പഴയതുപോലെ പ്രവർത്തിച്ചുതുടങ്ങിയ ദിനമായിരുന്നു തിങ്കളാഴ്ച. കുട്ടികളെ അയക്കാനുള്ള തത്രപ്പാടിലായിരുന്നു രക്ഷിതാക്കൾ.
കുട്ടികളെ അയക്കുന്നതിനിടെ, തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താലാണെന്ന വിവരമെത്തി. വിവരമറിയാതെ വിദ്യാലയങ്ങളിലെത്തിയ കുട്ടികൾ ഒരു മണിക്കൂറിനുശേഷം വീട്ടിലേക്ക് മടങ്ങി. തലശ്ശേരിയിൽ തിങ്കളാഴ്ച രാവിലെ തുറന്നു പ്രവർത്തിച്ച ബാങ്കുകൾ, സർക്കാർ, അർധ സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം സി.പി.എം പ്രവർത്തകർ നിർബന്ധമായി അടപ്പിച്ചു. മെഡിക്കൽ സ്ഥാപനങ്ങളും ഹോട്ടലുകളുമൊഴിച്ച് മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ഇടവേളക്കുശേഷമാണ് തലശ്ശേരി മേഖലയിൽ വീണ്ടും കഠാര രാഷ്ട്രീയത്തിന്റെ ചോരവീണത്. പതിവുപോലെ ഇക്കുറിയും തുടക്കം ഉത്സവപ്പറമ്പിൽ നിന്നുതന്നെ. ഒരാഴ്ചമുമ്പ് ന്യൂ മാഹിക്കടുത്ത കൂലോത്ത് ക്ഷേത്ര ഉത്സവവേളയിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു.
രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റു. ഇതിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലർ നടത്തിയ പ്രകോപനപരമായ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നമ്മുടെ പ്രവർത്തകരുടെ മേൽ കൈവെച്ചാൽ എങ്ങനെ മറുപടി കിട്ടുമെന്ന് അറിയാൻ കഴിഞ്ഞകാലത്തെ സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കണ'മെന്നാണ് പ്രസംഗത്തിലൂള്ള താക്കീത്. പ്രസംഗത്തിലെ പ്രകോപനമാണ് കൊലക്ക് കാരണമായതെന്നാണ് സി.പി.എം ആരോപണം.
കോവിഡ് വിലക്ക് നീങ്ങിയതോടെ ഇക്കുറി ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ ആളും ആരവവുമുണ്ട്. അവിടെ തുടങ്ങുന്ന വ്യക്തിപരവും മറ്റുമായ നിസ്സാര പ്രശ്നങ്ങൾ വലിയ രാഷ്ട്രീയ സംഘർഷമായി മാറുന്നതാണ് മുൻ അനുഭവം. ഉത്സവ സീസൺ സജീവമായ നേരത്തുണ്ടായ കൊലപാതകം കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ന്യൂ മാഹി പരിധിയിലും തലശ്ശേരിയിലെ വിവിധ സ്ഥലങ്ങളും പൊലീസ് നിരീക്ഷണത്തിലാക്കി. നിരവധിയിടങ്ങളിൽ പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി. മൃതദേഹം പരിയാരത്തുനിന്ന് സന്ധ്യയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ചു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മഞ്ഞോടി, മാടപ്പീടിക, പാറാൽ വഴി പുന്നോലിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. അന്ത്യോപചാരമർപ്പിക്കാൻ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെത്തി.
ആയുധങ്ങൾ കണ്ടെടുത്തു
തലശ്ശേരി: ഹരിദാസിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും ഇരുമ്പുവടിയുമാണ് സംഭവം നടന്ന പറമ്പിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുപറമ്പിൽ നിന്നും മണം പിടിച്ച് ഓടിയ പൊലീസ് നായ് ഏതാനും വാര ഓടി പറമ്പിൽ തിരിച്ചുവന്നു.
കൊല ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയം വിരോധമാണോ കാരണമെന്നത് അന്വേഷിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഉത്തരമേഖല ഡി.ഐ.ജി രാഹുൽ ആർ. നായർ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധിച്ചു.
പുന്നോലിൽ കൊലചെയ്യപ്പെട്ട ഹരിദാസിന് കണ്ണീർ പ്രണാമം
ന്യൂ മാഹി: തിങ്കളാഴ്ച പുലർച്ച പുന്നോലിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട പുന്നോൽ താഴെ വയലിലെ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.
തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ സി.പി.എം നേതാക്കളും പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് പരിയാരം മെഡിക്കൽ കോളജിൽ നിന്ന് വിലാപയാത്രയായി വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുവെച്ച ശേഷമാണ് പുന്നോലിലെ വീട്ടിലെത്തിച്ചത്. തുടർന്ന് സർവകക്ഷി അനുശോചനവും നടന്നു.
അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ കാരായി രാജൻ, സി.കെ. രമേശൻ, ഇ.പി.ആർ. വേശാല, എ. ശശി, കണ്ട്യൻ സുരേഷ് ബാബു, തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാറാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.