ജവഹർ സ്റ്റേഡിയത്തിൽ 'രാഷ്ട്രീയപോര്'
text_fieldsകണ്ണൂർ: ജവഹർ സ്റ്റേഡിയം സംരക്ഷിക്കാനെന്ന പേരിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ നടത്തുന്ന കായിക മാർച്ച് പ്രക്ഷോഭം സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമമാണെന്ന് മേയർ ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതോടെ ജവഹർ സ്റ്റേഡിയത്തിലെ മാലിന്യപ്രശ്നം സംബന്ധിച്ച വിഷയത്തിൽ കോർപറേഷൻ-സി.പി.എം രാഷ്ട്രീയപോര് ശക്തമായി.
ജവഹര്‍ സ്റ്റേഡിയം സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ കായിക മാര്‍ച്ച് സംഘടിപ്പിക്കാന്‍ കഴിഞ്ഞദിവസം ചേർന്ന ജനകീയ കായിക കണ്‍വെന്‍ഷനിൽ തീരുമാനിച്ചിരുന്നു. ജവഹര്‍ സ്റ്റേഡിയം സംരക്ഷണസമിതിയും രൂപവത്കരിച്ചിരുന്നു.
ജവഹര്‍ സ്റ്റേഡിയം മാലിന്യനിക്ഷേപ കേന്ദ്രമാക്കിമാറ്റുകയാണ് കോര്‍പറേഷന്‍ അധികൃതര്‍ ചെയ്തതെന്നായിരുന്നു എം.വി. ജയരാജന്‍റെ ആരോപണം. ഒരുഡസനോളം മാലിന്യവണ്ടികൾ കളിസ്ഥലത്ത് നിർത്തിയിട്ടിരിക്കുകയാണ്.
കാടുപിടിച്ചുകിടക്കുന്ന ഗ്രൗണ്ട് നന്നാക്കാനോ വൃത്തിഹീനമായ ശൗചാലയം ഉപയോഗപ്രദമാക്കാനോ ഒരു നടപടിയും കോർപറേഷൻ സ്വീകരിച്ചില്ലെന്നും ജയരാജൻ ആരോപിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷവിമർശനമാണ് മേയർ ഉന്നയിച്ചിരിക്കുന്നത്.
ആരോപണത്തിന് പിന്നിൽ പച്ചയായ രാഷ്ട്രീയമാണെന്ന് മേയർ പറഞ്ഞു. വിവാദത്തിനുകാരണം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതിനാല്‍ പിഴ ഈടാക്കാനുള്ള കൗണ്‍സില്‍ തീരുമാനമാണ്.
പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സ്‌റ്റേഡിയം വൃത്തിഹീനമാക്കിയിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനത്തിന് കൊണ്ടുവന്ന കൊടിമരം പോലും അലക്ഷ്യമായി ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞിരിക്കുകയാണ്. കോര്‍പറേഷന്‍ മാലിന്യം ശേഖരിക്കുന്ന വണ്ടി സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മറ്റ് സ്ഥലമില്ലാത്തതിനാലാണ്.
അത് ട്രാക്കിന് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാക്കിയിട്ടില്ല. മുമ്പ് കോര്‍പറേഷന്‍ പരിസരത്ത് തന്നെയായിരുന്നു വാഹനം പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നത്. നിലവില്‍ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാലാണ് സ്റ്റേഡിയത്തിനുള്ളില്‍ പാര്‍ക്ക് ചെയ്യേണ്ടി വന്നത്.
സ്റ്റേഡിയം നവീകരണത്തിന് 2022-23 കോർപറേഷൻ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി നീക്കി വെച്ചിരിക്കുകയാണ്. ഇതിന്‍റെ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ്. തുടർന്ന് സ്റ്റേഡിയം നവീകരിക്കാനുള്ള നടപടി തുടങ്ങും.
വസ്തുതകൾ മനസ്സിലാക്കാതെ നിസ്സാരമായ കാര്യങ്ങള്‍ വലുതാക്കി കോര്‍പറേഷനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍നിന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും പാര്‍ട്ടിയും പിന്മാറണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ഷമീമ, പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍ എന്നിവരും പങ്കെടുത്തു.
മാലിന്യപ്രശ്നം: 110 കേന്ദ്രങ്ങളിൽ സി.സി.ടി.വി
നഗരത്തില്‍ മാലിന്യം തള്ളുന്നുവെന്ന പരാതിയെ വര്‍ധിക്കുന്നതിനാല്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മേയര്‍ പറഞ്ഞു. 110 കേന്ദ്രങ്ങളിൽ വയര്‍ലെസ് കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജുമായി ബന്ധപ്പെട്ടിരുന്നു.
അവര്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കോര്‍പറേഷന് സമര്‍പ്പിക്കുകയും അത് കൗണ്‍സില്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ടെൻഡര്‍ വിളിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മാലിന്യവിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവമാക്കുമെന്നും നഗരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.