മാലിന്യമുക്തം നവകേരളം; ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതസഭകള്‍
text_fieldsകണ്ണൂർ: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. കാമ്പയിനിന്റെ അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപന തലത്തിലും ആവിഷ്കരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കുകയുമാണ് ഹരിതസഭയിലൂടെ ഉദ്ദേശിക്കുന്നത്. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് തദ്ദേശവാസികളെ സജ്ജമാക്കാന്‍ സഹായകമാകുന്ന തരത്തില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കണമെന്നാണ് തദ്ദേശ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ഹരിതസഭകളില്‍ ജനകീയ പരിശോധനക്ക് വിധേയമാക്കും. 2024 മാര്‍ച്ചോടെ തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച പ്രവര്‍ത്തനം ഹരിതസഭ ചര്‍ച്ച ചെയ്യും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും രൂപവത്കരിക്കുന്ന ഗ്രൂപ്പുകള്‍ പ്രത്യേകമായി ഗ്രൂപ് ചര്‍ച്ച നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ടിങ് നടത്തുകയും ചെയ്യും. റിപ്പോര്‍ട്ട്, ഗ്രൂപ് ചര്‍ച്ച, ഗ്രൂപ് പ്രതികരണങ്ങള്‍ എന്നിവ കേള്‍ക്കാനും തദ്ദേശ സ്ഥാപനത്തിന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്താനും ഒരു വിദഗ്ധ പാനലിനെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം ഹരിതസഭകളില്‍ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
ഹരിതസഭകളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജൂണ്‍ എട്ടിന് മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പിന് സമര്‍പ്പിക്കണം. എല്ലാ വാര്‍ഡുകളില്‍നിന്നും വിവിധ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുംവിധം പരിപാടിയിലേക്ക് മുന്‍കൂട്ടി ആളുകളെ ക്ഷണിക്കും.
ജനപ്രതിനിധികള്‍, വായനശാല പ്രതിനിധികള്‍, ശാസ്ത്ര-സാംസ്കാരിക സംഘടന പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, യുവജന, വനിത, സംഘടന പ്രതിനിധികള്‍, റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വാര്‍ഡ്തല ആരോഗ്യ ജാഗ്രത സമിതി പ്രതിനിധികള്‍ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളെ ഹരിതസഭകളിലേക്ക് ക്ഷണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.