വൈദ്യുതി നിയന്ത്രണം തുടരുന്നു; വെന്തുരുകി കണ്ണൂർ
text_fieldsകണ്ണൂർ: ജില്ലയിൽ വൈദ്യുതി വിതരണത്തിൽ തുടർച്ചയായ രണ്ടാംദിവസവും നിയന്ത്രണം ഏർപ്പെടുത്തിയതോടെ വെന്തുരുകി കണ്ണൂർ. ജില്ലയിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി അരീക്കോട്-കാഞ്ഞിരോട് ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫെബ്രുവരി അഞ്ച് മുതൽ 10 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
വിവിധ സെക്ഷനുകൾക്ക് കീഴിൽ അഞ്ച് മണിക്കൂറോളമാണ് ദിവസേന വൈദ്യുതി മുടങ്ങുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ വൈദ്യുതിയും ഇല്ലാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ഫാനും എസിയും പണിമുടക്കിയതോടെ ജനം വലഞ്ഞു.
37.9 ഡിഗ്രി സെൽഷ്യസ് വരെയാണ് തിങ്കളാഴ്ച ജില്ലയിലെ കൂടിയ താപനില. ചെമ്പേരിയിലാണ് കൂടിയ ചൂട്. വിമാനത്താവളം 37.4, ഇരിക്കൂർ 37.1, ആറളം 36.6, കണ്ണൂർ 33.1 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ താപനില. ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഓഫിസുകളും ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തിച്ചത്.
ൈവദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണമേഖലയും ഏറെക്കുറെ സ്തംഭിച്ച നിലയിലായിരുന്നു. ജനറേറ്റർ വാടകക്കെടുത്താണ് നിർമാണ മേഖലയിലെ ചിലർ ജോലിക്കെത്തിയത്.
കോഴിക്കോട് ജില്ലയിൽ ലൈൻ നിർമാണവുമായി ബന്ധപ്പെട്ടാണ് വൈദ്യുതി നിയന്ത്രണം. അരീക്കോട് നിന്ന്-കാഞ്ഞിരോട് ഭാഗത്തേക്ക് വരുന്ന ലൈൻ സുരക്ഷയുടെ ഭാഗമായി ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ടവർ നിർമിച്ചാണ് ലൈൻ ഉയർത്തുന്നത്. ഇതോടെയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ 54 സബ് സ്റ്റേഷനുകളിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത്തരം പ്രവൃത്തികൾ സാധാരണ ലോഡ് കുറവുള്ള ഞായറാഴ്ചകളിലാണ് നടത്താറുള്ളത്.
കൂടുതൽ ദിവസം പ്രവൃത്തി നീളുന്നതിനാലാണ് ആറുദിവസത്തെ നിയന്ത്രണം. ഫീഡർ മാറ്റി ലോഡ് നിയന്ത്രിച്ച് വിവിധ സബ് സ്റ്റേഷനുകളിൽ വൈദ്യുതി വിതരണം പുനസ്ഥാപിച്ചാണ് കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.