പി.പി. മുകുന്ദൻ കോ-ലീ-ബി സഖ്യത്തിന്റെ ഉപജ്ഞാതാവ്
text_fieldsകണ്ണൂർ: ബി.ജെ.പിയിൽ ഒരുകാലത്ത് ആജ്ഞാശക്തിയും വ്യക്തിപ്രഭാവവും കൊണ്ട് മേധാവിത്വം നേടുകയും പിന്നീട് തിരസ്കൃതനാവുകയും ചെയ്ത നേതാവാണ് പി.പി. മുകുന്ദൻ. കേരളരാഷ്ട്രീയത്തിൽ എക്കാലത്തും ചർച്ചയാവാറുള്ള കോ-ലീ-ബി സഖ്യത്തിന്റെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെട്ടു. 1991ൽ നടന്ന നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും തമ്മിലുണ്ടാക്കിയതായി പറയുന്ന രഹസ്യധാരണയാണ് പിന്നീട് കോ-ലീ-ബി സഖ്യമെന്ന് ആരോപിക്കപ്പെട്ടത്. വടകര ലോക്സഭ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും യു.ഡി.എഫ് ബി.ജെ.പിക്ക് കൂടി സമ്മതരായ സ്ഥാനാർഥികളെ നിർത്തുകയും ഇവിടങ്ങളിൽ ബി.ജെ.പി വോട്ട് നൽകുന്നതിന് പകരം മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ നിർത്തി കെ.ജി. മാരാരുടെ വിജയത്തിന് കളമൊരുക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം.
വടകരയിൽ അഡ്വ. എം. രത്ന സിങ്ങും ബേപ്പൂരിൽ ഡോ. കെ. മാധവൻ കുട്ടിയുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ബി.ജെ.പി നേതാക്കൾ പലഘട്ടങ്ങളിൽ സഖ്യമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. ബി.ജെ.പി സംഘടനാ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദനായിരുന്നു ഇതിന്റെ സൂത്രധാരനെന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ. രാമൻകുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. മുകുന്ദൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഇത് സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്തു. എന്നാൽ, ഈ ധാരണ പ്രായോഗികതലത്തിൽ പൂർണ പരാജയമായിരുന്നു. ബേപ്പൂരിലും വടകരയിലും യു.ഡി.എഫും മഞ്ചേശ്വരത്ത് ബി.ജെ.പിയും തോറ്റു. പില്ക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് വിവിധ നേതാക്കള്‍ പലതരം വെളിപ്പെടുത്തലുകള്‍ നടത്തി. അന്നൊക്കെ കോ-ലീ-ബി സഖ്യം വീണ്ടും ചര്‍ച്ചയാവുകയും ചെയ്തു.
ആർ.എസ്.എസിന്റെ പൂർണ ആശീർവാദത്തോടെ സംഘടനാ സെക്രട്ടറിയായ പി.പി. മുകുന്ദന്റെ പാർട്ടിയിലെ മേധാവിത്വത്തിന് ഇളക്കംതട്ടിയതും ഈ സഖ്യം പാളിയതോടെയാണ്. പാർട്ടിയിലെ പടലപ്പിണക്കം പരസ്യമായ വാക്പോരിലെത്തിയതോടെ 2005ൽ മുകുന്ദൻ പാർട്ടിയിൽനിന്ന് പുറത്താവുകയും ചെയ്തു. 10 വർഷത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തിയെങ്കിലും പദവികളൊന്നും ലഭിച്ചില്ല. കെ.ജി. മാരാർക്ക് ശേഷം പാർട്ടിയുടെ കരുത്തുറ്റ നേതാവായി നിറഞ്ഞുനിന്നു. കുടുംബജീവിതം പോലും വേണ്ടെന്നുവെച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. 1988 മുതൽ ഏറക്കാലം ബി.ജെ.പിയുടെ കേരളത്തിലെ സംഘടനാകാര്യങ്ങൾ ഏകോപിപ്പിച്ചത് പി.പി. മുകുന്ദനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.