ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവം; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsപയ്യന്നൂര്‍: എന്‍.ഡി.എയുടെ റോഡ്ഷോക്കിടയില്‍ ഗര്‍ഭിണിയെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം കണ്ട് ഭയന്ന് കാറില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29) സുഖംപ്രാപിച്ചുവരുന്നു.
ഗര്‍ഭസ്ഥശിശുവിന് ചലനം കാണാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ നാസിലയെ ചെറുതാഴത്തെ വീട്ടില്‍നിന്ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിലാണ് സംഭവം.
ആക്രമിച്ചത് അപലപനീയം –എം.വി. ജയരാജൻ
പയ്യന്നൂർ: തിങ്കളാഴ്ച വൈകീട്ട് ഗർഭിണിയായ യുവതിയെയും കൊണ്ട് പയ്യന്നൂരിലേക്ക് വരുകയായിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമിച്ചത് കേരളത്തിൽ അസാധാരണ സംഭവമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാസിലയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിനിടയിൽ ഗർഭിണിയുടെ വയറിലേക്ക് ശൂലം കുത്തിയിറക്കിയവരാണ് സംഘ്പരിവാറുകാർ.
കാറിനകത്ത് ഗർഭിണിയായ യുവതി ഉണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയാണ് വാഹനം ആക്രമിച്ചത്. ഇത് പ്രാകൃതവും മലയാളികളുടെ സംസ്കാരത്തിന് യോജിക്കാത്തതുമാണ്. നുണപ്രചാരണങ്ങൾ തകർന്നതോടെ വ്യാപക ആക്രമണത്തിനുള്ള ആസൂത്രണങ്ങൾ നടക്കുകയാണെന്നും ഗർഭിണിയെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നും ജയരാജൻ പറഞ്ഞു. എം.വി. രാജീവൻ, സി.എം. വേണുഗോപാലൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരും ജയരാജനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.