പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ തുറന്നു; യാത്രാനിരക്കിൽ ഉടക്കി ഡ്രൈവർമാർ
text_fieldsകണ്ണൂർ: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിച്ച പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ഉദ്ഘാടന ദിവസംതന്നെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ. ഓട്ടോ നിരക്ക് നിശ്ചയിച്ചത് ഡ്രൈവർമാരുമായി ആലോചിക്കാതെയാണെന്ന പരാതിയെ തുടർന്നാണ് പ്രീ പെയ്ഡ് കൗണ്ടറിലെ സർവിസ് ബഹിഷ്കരിച്ചത്. ഓട്ടോ ഡ്രൈവർമാർ കൗണ്ടറിന് മുന്നിൽ പ്രതിഷേധിച്ചു.
ഏകപക്ഷീയമായാണ് ചാർജ് നിശ്ചയിച്ചതെന്നും നിരക്ക് അംഗീകരിക്കാനാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി യൂനിയൻ നിലപാട്. തൊഴിലാളി സംഘടനകളുമായി ആലോചിച്ചില്ല. ചാർജ് പുനക്രമീകരിക്കാതെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുമായി സഹകരിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ടൗൺ പരിധി നിശ്ചയിക്കണമെന്ന് കോർപറേഷൻ മേയറോട് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രീപെയ്ഡ് പരിധിയിൽ ഓടുന്നയിടങ്ങളിൽ ഓട്ടോറിക്ഷ സ്റ്റാൻഡും അനുവദിക്കണം. പാർക്കിങ് സ്ഥലം ഒരുക്കിയാൽ മാത്രമേ തിരിച്ച് യാത്രക്കാരുമായി വരാനാവൂ. തിരിച്ചുള്ള യാത്രക്ക് ആളെ കിട്ടിയില്ലെങ്കിൽ പ്രീപെയ്ഡ് ഓട്ടം നഷ്ടത്തിലാവുമെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ബഹിഷ്കരിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തൊഴിലാളികളുമായി ചർച്ച നടത്തി വെള്ളിയാഴ്ചക്കകം തീരുമാനമെടുക്കും. ടൗൺ പരിധി പുനർനിശ്ചയിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
മുമ്പ് താണ വരെയായിരുന്നു ടൗൺ പരിധി. ഇപ്പോൾ താഴെചൊവ്വ വരെയാക്കി. ഓട്ടോ ചാർജ് സംബന്ധിച്ച് മാറ്റം വരുത്തണമെങ്കിൽ സർക്കാർ ഉത്തരവ് വേണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. നിലവിൽ ഓടുന്ന ചാർജിൽ തന്നെ സർവിസ് നടത്താനും തൊഴിലാളി യൂനിയനുമായുള്ള ചർച്ചക്ക് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന അധികൃതരുടെ ഉറപ്പിൻമേൽ ഓട്ടോറിക്ഷകൾ സർവിസ് നടത്തി. യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഏറെ മുറവിളികൾക്ക് ശേഷമാണ് ചൊവ്വാഴ്ച പുനരാരംഭിച്ചത്. കൗണ്ടർ നിർമാണ പ്രവൃത്തി പൂർത്തിയായിട്ട് രണ്ടാഴ്ച ആയെങ്കിലും വൈദ്യുതി വിതരണം ലഭിക്കാത്തതാണ് കൗണ്ടർ തുറക്കാൻ വൈകിയത്. പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ രണ്ട് മാസം മുമ്പാണ് റെയിൽവേ അനുമതി ലഭിച്ചത്. കണ്ണൂർ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ട്രോമാ കെയറിനാണ് നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.