തട്ടിത്തടഞ്ഞ് പ്രീപെയ്ഡ് ഓട്ടോ സര്‍വിസ്
text_fieldsകണ്ണൂർ: ഫുട്ബാൾ പോലെ തട്ടി ക്കളിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വിസ് കൗണ്ടർ പുനരാരംഭം അനന്തമായി നീളുന്നു. ജില്ല വികസന സമിതിയിലും കോർപറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും ചർച്ചകൾ നടക്കുന്നുവെന്നല്ലാതെ പ്രീപെയ്ഡ് സർവിസ് പുനരാരംഭിക്കുന്നത് മാത്രം നടപ്പാകുന്നില്ല.
രണ്ടുവർഷമായി ജില്ല വികസന സമിതിയിൽ വിഷയം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, തീരുമാനങ്ങൾ നടപ്പാവുന്നില്ലെന്ന് മന്ത്രിയും സ്ഥലം എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വിമർശിച്ചു. ശനിയാഴ്ച നടന്ന വികസന സമിതി യോഗത്തിലാണ് മന്ത്രി നീരസം പ്രകടിപ്പിച്ചത്. യോഗത്തിൽ തടസ്സങ്ങള്‍ പരിഹരിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വിസ് ഉടന്‍ ആരംഭിക്കാന്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് നിര്‍ദേശിച്ചിട്ടുണ്ട്. നിരക്ക് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍ യോഗങ്ങളില്‍ പരിഹരിക്കാനും നിര്‍ദേശം നല്കി.
എന്നാൽ, എല്ലാ വികസന സമിതിയിലും തീരുമാനങ്ങൾ വരുന്നുണ്ടെങ്കിലും ഇതൊന്നും നടപ്പാകുന്നില്ലെന്ന് യാത്രക്കാരും ഓട്ടോ തൊഴിലാളികളും പറയുന്നു. കൂടാതെ നഗരത്തിലെ പ്രീപെയ്ഡ് ഓട്ടോ നിരക്കിലെ അപാകത പരിഹരിച്ച് നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ജില്ല വികസനസമിതി നിശ്ചയിച്ച പുതിയ നിരക്ക് ചർച്ച ചെയ്ത് അംഗീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകലും രാത്രിയും ഒരേ നിരക്കാണുള്ളത്. മാത്രമല്ല, ഒരേ ദൂരത്തേക്ക് വ്യത്യസ്ത നിരക്കുമാണ് ജില്ല വികസന സമിതി ശുപാർശ ചെയ്യുന്നത്. ഈ അപാകം ചർച്ചചെയ്ത് പരിഹരിച്ച് നടപ്പാക്കാനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം കൂടി അന്തിമ തീരുമാനം കൈകൊള്ളും.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ആഗസ്റ്റിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിച്ചിരുന്നു. കൗണ്ടറിൽ നിന്ന് അച്ചടിച്ച് നൽകിയ നിരക്കിൽ ഓട്ടംപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഓട്ടോറിക്ഷ യൂനിയൻ പ്രതിഷേധിച്ചതോടെ അടക്കുകയായിരുന്നു. ദൂരപരിധിയടക്കമുളള കാര്യങ്ങളില്‍ തീരുമാനമാവാത്തതോടെയാണ് തൊഴിലാളികളും ട്രേഡ് യൂനിയനുകളും പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.