കണ്ണൂർ: നിരക്കിൽ കുരുങ്ങി പ്രീപെയ്ഡ് ഓട്ടോ
text_fieldsകണ്ണൂർ: നഗരത്തിലെ പ്രീപെയ്ഡ് ഓട്ടോ നിരക്ക് നിശ്ചയിക്കാനായി ചൊവ്വാഴ്ച ചേർന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു. പ്രീപെയ്ഡ് ഓട്ടോ നഗരപരിധി നിശ്ചയിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം ചൊവാഴ്ച കോർപറേഷന് ഓഫിസില്‍ മേയർ ടി.ഒ. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്.ടി.ഒ, പൊലീസ്, ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.
യോഗത്തില്‍ നിലവിലുള്ള നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പ്രതിനിധി അവതരിപ്പിച്ചു. 2014ലെ കമ്മിറ്റി നിശ്ചയിച്ച നിരക്കും 2021ലെ സർക്കാർ ഉത്തരവും അംഗീകരിക്കാൻ ഓട്ടോ തൊഴിലാളികൾ തയാറായില്ല. പ്രസ്തുത നിരക്കില്‍ ഓട്ടോ തൊഴിലാളികള്‍ അഭിപ്രായ വ്യത്യാസം പറഞ്ഞതിനാല്‍ ഇത് സംബന്ധിച്ച് ഭേദഗതി നിർദേശങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിന് ഓട്ടോതൊഴിലാളി സംഘടന പ്രതിനിധികളോട് മേയർ നിർദേശിച്ചു.
21ന് ചേരുന്ന അടുത്ത യോഗത്തിന് മുമ്പ് പ്രസ്തുത നിർദേശങ്ങള്‍ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി പ്രീപെയ്ഡ് ഓട്ടോ നിരക്ക് നിശ്ചയിക്കും. ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അടച്ചിട്ട കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സർവിസ് പുനരാരംഭിക്കുന്നതിനായി വിവിധ മേഖലകളിൽനിന്ന് ആവശ്യം ശക്തമാണ്.
നഗരപരിധിയും നിരക്കും സംബന്ധിച്ച് ഓട്ടോ തൊഴിലാളികൾക്കിടയിൽ എതിർപ്പുള്ളതിനാലാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ തുറന്നതിന് പിന്നാലെ പൂട്ടിയത്. ജില്ല വികസന സമിതി യോഗത്തിലെ നിര്‍ദേശത്തെ തുടർന്ന് നഗരത്തില്‍ പ്രീപെയ്ഡ് നഗരപരിധി നിശ്ചയിക്കുന്നതിനായി കണ്ണൂര്‍ കോർപറേഷനില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിൽ നഗരപരിധി സംബന്ധിച്ച് തീരുമാനമായിരുന്നു. എന്നാൽ, നിരക്കിൽ തൊഴിലാളികൾ എതിർപ്പ് തുടർന്നു.
പുതിയ സാഹചര്യത്തിൽ പഴയ നിരക്കിൽ ഓടാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. നഗരപരിധിയും നിരക്കും സംബന്ധിച്ച് ഓട്ടോ തൊഴിലാളികള്‍ക്ക് എതിര്‍പ്പുള്ളതിനാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തനം നിർത്തിയതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രീപെയ്ഡ് സംവിധാനം പുനരാരംഭിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തുകയായിരുന്നു. നഗരപരിധി തീരുമാനിച്ചതുപോലെ ചർച്ചചെയ്ത് നിരക്കും നിശ്ചയിച്ചാൽ കൗണ്ടർ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷ പി. ഇന്ദിര, എം.വി.ഐ എന്‍.കെ. അരുണ്‍ കുമാര്‍, ട്രാഫിക് എസ്.ഐമാരായ പി.പി. ഷമീദ്, പി. രാജേന്ദ്രന്, കോർപറേഷന് അഡീഷണല്‍ സെക്രട്ടറി എൻ. ബിജു, വിവിധ ഓട്ടോതൊഴിലാളി സംഘടന നേതാക്കളായ സി.കെ. മുഹമ്മദ്, കെ. ജയരാജന്, കെ.പി. സത്താര്‍, സി. ധീരജ്, എന്‍. ലക്ഷ്മണന്, സി.കെ. ജയരാജന്, കെ. രാജീവന്, പി. ജിതിന്, സി.കെ. ശശികുമാര്‍, കുന്നത്ത് രാജീവന്, എ.വി. പ്രകാശന്, എ. ജ്യോതീന്ദ്രന്‍, സി. ഷരീഫ്, കെ.പി. ജാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.