ട്രാൻസ്ജെൻഡറിന് വീടൊരുങ്ങുന്നു; കതിരൂരിൽ ആദ്യ ശിലയിട്ടു
text_fieldsതലശ്ശേരി: ''എനിക്കെന്റെ ഉമ്മയോടൊപ്പം ഒരുദിവസമെങ്കിലും സ്വന്തം വീട്ടിൽ മനഃസമാധാനത്തോടെ ഉറങ്ങണം'' ട്രാൻസ്ജെൻഡർ നിധീഷിന്റെ ഈ സ്വപ്നത്തിനൊപ്പം കൂടുന്നത് ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തുമാണ്.
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വീടിന് തറക്കല്ലിട്ടു.ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട ഒരു വ്യക്തി കുടുംബത്തിൽ അധികപ്പറ്റാണെന്ന തോന്നൽ പല കുടുംബങ്ങളിലുമുണ്ട്. എന്നാൽ, അവർ അധികപ്പറ്റല്ല 'അസറ്റാ'ണെന്ന് തെളിയിക്കുന്നതാണ് അവരുടെ പേരിൽ നൽകുന്ന ഭവനമെന്നും ട്രാൻസ്ജെൻഡർ ഭവനപദ്ധതിയിൽ ചരിത്രത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും ദിവ്യ പറഞ്ഞു.
കതിരൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്നുലക്ഷവും ജില്ല പഞ്ചായത്തിന്റെ ഒരുലക്ഷവും ചേർത്താണ് വീടിന്റെ നിർമാണം.
നാലുലക്ഷം രൂപകൊണ്ട് വീട് പണിയുന്നതിലുള്ള പരിമിതികൾ മറികടന്ന് കൂടുതൽ മനോഹരമായി വീട് പൂർത്തിയാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും ഇതിനായി സാമ്പത്തിക സഹായവും മനുഷ്യാധ്വാനവും സംഭാവനയായി നൽകണമെന്നും ദിവ്യ പറഞ്ഞു. കതിരൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പറാംകുന്നിലാണ് ഭൂമി അനുവദിച്ച് വീട് നിർമിക്കുന്നത്. 2022-23 വാര്‍ഷിക പദ്ധതിയിലെ ലൈഫ് ഭവന ഗുണഭോക്താക്കള്‍ക്ക് നല്കിയതിനുശേഷമുള്ള അധികവിഹിതം ഉപയോഗിച്ചാണ് വീട് നിര്‍മിക്കുക. ട്രാന്‍സ്ജെൻഡര്‍ വിഭാഗത്തില്‍ സാമ്പത്തികമായും സാമൂഹികമായും പ്രയാസപ്പെടുന്നവര്‍ക്ക് ഭവനം നല്‍കാമെന്ന സർക്കാറിന്റെ പ്രത്യേക മാര്‍ഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട് നിർമാണം.
മൂന്നുമാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സനിൽ പറഞ്ഞു. കതിരൂരിൽ നിധീഷടക്കം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട രണ്ട് വ്യക്തികളാണുള്ളത്.
കാന്തി എന്ന മറ്റൊരു വ്യക്തിക്ക് പഞ്ചായത്ത് ഫണ്ട് ലഭ്യമാണെങ്കിൽ ഈ വർഷം തന്നെയോ അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിലോ വീട് നൽകുമെന്നും സാമൂഹികമായി ഒറ്റപ്പെട്ടവര്‍ക്ക് ഇത്തരം പദ്ധതികള്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്ന്യം പറാംകുന്നിൽ നടന്ന ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.